തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് തിരശ്ശീല വീണതോടെ അവസാന മണിക്കൂറുകളിൽ വോട്ടുറപ്പിക്കാനുള്ള തിരക്കിലായിരുന്നു ഇന്നലെ ജില്ലയിലെ സ്ഥാനാർത്ഥികൾ. കൊവിഡ് പശ്ചാത്തലത്തിൽ കൊട്ടിക്കലാശമില്ലാതെ പരസ്യപ്രചാരണം സമാപിച്ചതോടെ വീടുകളിലെത്തി വോട്ടേഴ്‌സ് സ്ലിപ്പ് നൽകുന്ന തിരക്കായിരുന്നു എങ്ങും. അവസാന നിമിഷവും നോട്ടീസും അഭ്യർത്ഥനകളുമായി സ്ഥാനാർത്ഥികളും വോട്ടർമാരെ തേടിയെത്തി.
ആദ്യഘട്ടത്തിൽ ഉറച്ച മണ്ഡലങ്ങളെന്ന് വിശ്വസിച്ചിരുന്ന ഇടങ്ങളിൽ പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പിന്നാക്കം പോയത് പലർക്കും തിരിച്ചടിയായി. പ്രമുഖ നേതാക്കളുടെ പര്യാടനങ്ങളും വിവാദ പ്രസ്താവനകളും ചിലർക്ക് ഗുണമായപ്പോൾ എതിരാളികൾക്ക് ദോഷമായി. അവസാന നിമിഷങ്ങളിലെ അടിയൊഴുക്കുകൾ പല മണ്ഡലങ്ങളുടെയും ഗതി നിർണയിക്കുന്നതിലെ ഘടകമാകും. വോട്ടെടുപ്പിന്റെ അവസാനമണിക്കൂറുകളിലും ജയ സാദ്ധ്യതകൾ കൂട്ടിയും കിഴിച്ചും വിലയിരുത്തുകയാണ് മുന്നണികൾ.
2016ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ 12ഉം എൽ.ഡി.എഫിനൊപ്പമായിരുന്നു. വടക്കാഞ്ചേരി നിയമസഭാ മണ്ഡലം 43 വോട്ടുകൾക്കാണ് യു.ഡി.എഫ് സ്വന്തമാക്കിയത്. 13 മണ്ഡലങ്ങളും സ്വന്തമാക്കാനാകുമെന്ന് എൽ.ഡി.എഫ് പ്രത്യാശിക്കുമ്പോൾ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ജില്ലയിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനാകുമെന്നും അത്ഭുതങ്ങൾ ഉണ്ടാകുമെന്നും എൻ.ഡി.എയും വിശ്വസിക്കുന്നു.
എൽ.ഡി.എഫിന് 13 മണ്ഡലങ്ങളിലും ജയസാദ്ധ്യതയുണ്ട്. വടക്കാഞ്ചേരി മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തിൽ ജയം നേടും. എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പി - കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ഗുരുവായൂരിലെ കാര്യം സുരേഷ് ഗോപി തുറന്നുപറഞ്ഞു. അതെല്ലാം മറികടന്ന് വൻവിജയം നേടും. സമാനതകളില്ലാത്ത വികസനം കാഴ്ച വച്ച സർക്കാരിനുള്ള അംഗീകാരം ജനം നൽകും. എൽ.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണുള്ളത്. വർഗീയതയ്ക്കെതിരെയും മതനിരപേക്ഷത നിലനിറുത്തുന്നതിനും ജനം വോട്ട് ചെയ്യും.
- എം.എം.വർഗീസ് (ജില്ലാ സെക്രട്ടറി, സി.പി.എം)
യു.ഡി.എഫിന് ജില്ലയിൽ അഞ്ച് മുതൽ ഏഴ് സീറ്റുകളിൽ ജയസാദ്ധ്യതയുണ്ട്. കയ്പമംഗലം, ചേലക്കര, കുന്നംകുളം മണ്ഡലങ്ങളിൽ കടുത്ത മത്സരം നടക്കും. ഗുരുവായൂർ, ഇരിങ്ങാലക്കുട മണ്ഡലങ്ങളിൽ വലിയ തോതിലുള്ള ജയസാദ്ധ്യത നിലനിൽക്കുന്നു. ആദ്യഘട്ടത്തിലെ തർക്കങ്ങൾ പരിഹരിച്ച് സ്ഥാനാർത്ഥികൾക്ക് വലിയ സ്വീകാര്യതയാണ് ഇപ്പോൾ. പ്രിയങ്കാഗാന്ധിയുടെ പ്രചാരണം അലയൊലി സൃഷ്ടിച്ചു. കുന്നംകുളത്ത് സ്ഥാനാർത്ഥിയുടെ വീടാക്രമിച്ചത് ഉൾപ്പെടെയുള്ളവ പ്രതിഫലിക്കും.
-എം.പി.വിൻസെന്റ് (ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്)-
ജില്ലയിൽ മൂന്നിൽ കുറയാത്ത എം.എൽ.എമാർ എൻ.ഡി.എയ്ക്കുണ്ടാകും. എല്ലാ നിയോജക മണ്ഡലങ്ങളിലും എൻ.ഡി.എ ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കും. ഇടതു, വലതു മുന്നണികളുടെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിനെതിരെ ജനം വോട്ട് രേഖപ്പെടുത്തും. മതന്യൂനപക്ഷങ്ങളുടെ അടക്കം പിന്തുണ എൻ.ഡി.എയ്ക്കുണ്ട്. എൽ.ഡി.എഫ് സർക്കാരിന്റെ വികലമായ നയങ്ങൾക്കെതിരെ ജനം തിരഞ്ഞെടുപ്പിലൂടെ പ്രതികരിക്കും.
-എ. നാഗേഷ് (സംസ്ഥാന സെക്രട്ടറി, ബി.ജെ.പി).