തൃശൂർ: കൊവിഡ് ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി തൃശൂരിലെ വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണ കേന്ദ്രത്തിൽ ഉദ്യോഗസ്ഥരുടെ വൻതിരക്ക്. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ രാമവർമ്മപുരം എൻജിനിയറിംഗ് കോളേജിലാണ് കൊവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റിൽപ്പറത്തി ഉദ്യോഗസ്ഥർ തിക്കും തിരക്കും കൂട്ടിയത്. തൃശൂർ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികളാണ് ഇവിടെ വിതരണം ചെയ്യുന്നത്.
രാവിലെ മുതൽ പോളിംഗ് സാമഗ്രികൾ കൈപ്പറ്റാൻ ഉദ്യോഗസ്ഥരുടെ നീണ്ട നിര അനുഭവപ്പെട്ടിരുന്നു. 100 ലേറെ ഉദ്യോഗസ്ഥരാണ് സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്ന് പോളിംഗ് സാമഗ്രികൾ കൈപ്പറ്റിയത്. പോളിംഗ് കൊവിഡ് ചട്ടങ്ങൾ പാലിച്ച് മാത്രമേ നടത്തൂവെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം നിലനിൽക്കെയാണ് പോളിംഗ് സാമഗ്രികൾ വാങ്ങുന്നതിനായി ഉദ്യോഗസ്ഥർ തിക്കും തിരക്കും കൂട്ടിയത്.
3858 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിൽ ക്രമീകരിച്ചിരിക്കുന്നത്. 13 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി ആകെ 2612032 വോട്ടർമാരാണ് ജില്ലയിലുള്ളത്. വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയാണ്. വൈകീട്ട് ആറുമുതൽ ഏഴുവരെ കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാനും അവസരം നൽകുന്നുണ്ട്.
കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ബൂത്തുകൾ
കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ബൂത്തുകൾ ക്രമീകരിച്ചിട്ടുള്ളത്. ഓരോ ബൂത്തിലേക്കും കൊവിഡ് പ്രോട്ടോകോൾ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബൂത്തിലെത്തുന്ന വോട്ടറുടെ ശരീരതാപനില 37 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണെങ്കിൽ മൂന്ന് തവണ താപനില പരിശോധിക്കും. ഏതെങ്കിലും ഒരു തവണ താപനില കുറവാണെങ്കിൽ വോട്ട് ചെയ്യാൻ അനുവദിക്കും. മൂന്ന് തവണയും കൂടുതലാണെങ്കിൽ കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുമുള്ളവർക്കുള്ള വോട്ടിംഗ് സമയത്ത് മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കൂ. ഇതിനായി ടോക്കൺ നൽകും.