തൃപ്രയാർ: തിരഞ്ഞെടുപ്പ് ആവേശത്തിന്റെ ആരവങ്ങളടങ്ങിയതോടെ മുന്നണി സ്ഥാനാർത്ഥികളും പ്രവർത്തകരും തിങ്കളാഴ്ച നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലായിരുന്നു. രാവിലെ മുതൽ വീടുകളിലും സ്ഥാപനങ്ങളിലുമായി എത്തിയ സ്ഥാനാർത്ഥികൾ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനാണ് കൂടുതലും ശ്രദ്ധിച്ചത്.

വലപ്പാട് ബീച്ച് മത്സ്യതൊഴിലാളികളെ നേരിൽ കണ്ടും, കായിക മേഖലയിൽ മികച്ച നേട്ടം കരസ്ഥമാക്കിയവരെ വീട്ടിലെത്തി സ്നേഹാദരവ് പ്രകടിപ്പിച്ചും യു.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ ലാലൂരിന്റെ നിശ്ശബ്ദ പ്രചാരണം നടത്തി.

ബാബു കുന്നുങ്ങൽ, വൈശാഖ് വേണുഗോപാൽ, ജയൻ വളവത്ത്, മഞ്ജു ബാബു എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

എൻ.ഡി.എ സ്ഥാനാർത്ഥി ലോജനൻ അമ്പാട്ട് നാട്ടിക മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കോളനികളിൽ സന്ദർശനം നടത്തി. അധിക്യതരുടെ അവഗണന മൂലം യാഥാർത്ഥ്യമാകാതെ കിടക്കുന്ന മുനയം ബണ്ട് ലോജനൻ അമ്പാട്ട് സന്ദർശിച്ചു. ജയിച്ചു വന്നാൽ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളെടുക്കുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പു നൽകി. ബി.ജെ.പി നാട്ടിക മണ്ഡലം പ്രസിഡൻറ് ഇ.പി. ഹരിഷ് മാസ്റ്റർ, കവിത ഷൺമുഖൻ, റിനി കൃഷ്ണപ്രസാദ്, ബിന്ദു ജോസ്, പി. കൃഷ്ണനുണ്ണി, ഷാജു, പി.ആർ. പ്രദീപ് എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

എൽ.ഡിഎഫ് സ്ഥാനാർത്ഥി സി.സി മുകുന്ദൻ സ്വന്തം പഞ്ചായത്തിലെ വോട്ടർമാരെ നേരിട്ടുകാണാനാണ് സമയം ചെലവഴിച്ചത്. നിരവധി വീടുകൾ കയറിയിറങ്ങി വോട്ടഭ്യർത്ഥിച്ച സി.സി മുകുന്ദൻ പിന്നീട് ചേർപ്പ് പഞ്ചായത്തിലും മറ്റു പഞ്ചായത്തുകളിലുമെത്തി വോട്ടർമാരെ നേരിൽ കണ്ടു.