കൊടുങ്ങല്ലൂർ: ചന്തപ്പുര - കോട്ടപ്പുറം ബൈപ്പാസിലെ പടാകുളം ജംഗ്ഷൻ വഴിയുള്ള ഗതാഗത നിരോധനം മൂലം യാത്രക്കാർ പ്രതിസന്ധിയിൽ. പടാകുളം ജംഗ്ഷനിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി സിഗ്‌നൽ പോസ്റ്റ് ഇടിച്ച് വീഴ്ത്തിയതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് ഈ വഴിയുള്ള ഗതാഗതം പൊലീസ് തടഞ്ഞിരുന്നു. ഇതോടെ പടാകുളം അഴീക്കോട് റോഡിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇതിനെ തുടർന്ന് ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന മാടവന ഹെൽത്ത് സെന്ററിലെ കൊവിഡ് വാക്‌സിൻ സെന്ററിലേക്ക് പോകുന്നവർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് റോഡിലെ തടസം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സ്ഥിതിയാണ്. രണ്ടാഴ്ചയായിട്ടും നിഗ്‌നിൽ സംവിധാനം ശരിയാക്കാൻ കഴിയാത്തത് അധികൃതരുടെ അനാസ്ഥയാണെന്നും ആരോപണമുണ്ട്. എത്രയും വേഗം സിഗ്‌നൽ സംവിധാനം പുന:സ്ഥാപിച്ച് ഗതാഗതം പൂർവസ്ഥിതിയിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.