തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിലും വോട്ടെടുപ്പിനായി പിങ്ക് പോളിംഗ് ബൂത്തുകൾ തയ്യാർ. വനിതാ സൗഹൃദ പോളിംഗ് സ്റ്റേഷനുകളിലാണ് ഇവ ഒരുങ്ങുന്നത്. കയ്പമംഗലം മണ്ഡലത്തിൽ അഞ്ചും ബാക്കിയുള്ള 12 മണ്ഡലങ്ങളിൽ ഓരോന്ന് വീതവുമാണ് ബൂത്തുകൾ സജ്ജീകരിക്കുന്നത്. പിങ്ക് നിറത്തിലുള്ള തുണികളും തോരണങ്ങളും ഉപയോഗിച്ച് ബൂത്ത് അലങ്കരിച്ചിട്ടുണ്ട്. സ്ത്രീകൾക്കായി പ്രത്യേക ശുചിമുറി, ഫീഡിംഗ് റൂം, വിശ്രമ മുറി എന്നിവ പിങ്ക് ബൂത്തുകളുടെ പ്രത്യേകതയാണ്.
പിങ്ക് പോളിംഗ് സ്‌റ്റേഷനുകളിൽ പ്രിസൈഡിംഗ് ഓഫീസർമാർ, ബൂത്ത് ലെവൽ ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ, പൊലീസ് എന്നിവർ ഉൾപ്പെടെ പൂർണമായും വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ് നടത്തുക. എല്ലാ വിഭാഗം വോട്ടർമാർക്കും ഈ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താം.
ഇതോടൊപ്പം ഓരോ മണ്ഡലത്തിലും കുറഞ്ഞത് 5 വീതം മാതൃകാ പോളിംഗ് സ്റ്റേഷനുകളും സജ്ജീകരിക്കും. കുടിവെള്ളം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, വോട്ടർ സഹായ കേന്ദ്രം, ഭിന്നശേഷിക്കാർക്കുള്ള റാംപ്, വീൽച്ചെയർ, വോട്ടർമാർക്ക് വിശ്രമകേന്ദ്രം, ദിശാസൂചകങ്ങൾ, സന്നദ്ധ സേവകരുടെ സഹായം എന്നിവയാണ് മാതൃകാ സ്റ്റേഷനുകളുടെ പ്രധാന സവിശേഷതകൾ.