കൊടുങ്ങല്ലൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കാൻ കാവിൽക്കടവ് ലാൻഡിംഗ് പ്ലേസിലെ താമസക്കാരുടെ യോഗം തീരുമാനിച്ചു. ലാൻഡിംഗ് പ്ലേസിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതി അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് ഈ കുടുംബങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. പ്രതിഷേധത്തെ തുടർന്ന് നഗരസഭാ അധികൃതർ ഇടപെട്ട് വീടുകളുടെ നിർമ്മാണം ആരംഭിച്ച സാഹചര്യത്തിലാണ് ബഹിഷ്‌കരണം ഉപേക്ഷിക്കാൻ സമര സമിതി തീരുമാനിച്ചത്. സമര സമിതി സംഘടിപ്പിച്ച കുടുംബ യോഗത്തിൽ മായ സജീവ് അദ്ധ്യക്ഷയായി. പി.എ.സ് അജിതൻ, അബ്ദുൾ അസീസ്, വി.എച്ച്. അൻസാരി, സിയാദ്, സത്യൻ എന്നിവർ സംസാരിച്ചു.