distributes-votingmachine
പോളിംഗ് ബൂത്തുകളിലേക്കുള്ള വോട്ടിംഗ് മെഷീനുകൾ വിതരണം ചെയ്യുന്നു

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ പോളിംഗ് ബൂത്തുകളിലേക്കുള്ള വോട്ടിംഗ് മെഷീനുകളുടെയും മറ്റ് പോളിംഗ് സാമഗ്രികളുടെയും വിതരണം നടന്നു. ചാവക്കാട് എം.ആർ.ആർ.എം സ്‌കൂളിലാണ് മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലേക്കാവശ്യമായ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തത്. രാവിലെ 8 മുതൽ വിതരണം ആരംഭിച്ചു. ഇ.വി.എം മെഷീൻ, പോളിംഗ് സാമഗ്രികൾ എന്നിവ വിതരണം ചെയ്യുന്നതിനായി 20 കൗണ്ടർ വീതം ഉണ്ടായിരുന്നു. ആറ് പഞ്ചായത്തുകളിലേക്കും രണ്ട് മുൻസിപ്പാലിറ്റികളിലേക്കുമായി 305 ബൂത്തുകളിലേക്കാണ് വോട്ടിംഗ് സാമഗ്രികൾ വിതരണം ചെയ്തത്.

ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ വിവി പാറ്റ് മെഷീനുകളും പോളിംഗിനായി ഉപയോഗിക്കുന്നുണ്ട്. വോട്ടെടുപ്പിന് ആവശ്യമായ സാധനസാമഗ്രികൾക്ക് പുറമേ കൊവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനുള്ള മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ, പിപിഇ കിറ്റ് എന്നിവയും പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തു. മുൻപ് മണ്ഡലത്തിൽ 189 ബൂത്തുകളാണ് ഉണ്ടായിരുന്നത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കുന്നതിനായി ആയിരം വോട്ടർമാരിൽ കൂടുതൽ വരുന്ന ബൂത്തുകൾ രണ്ടായി വിഭജിച്ചാണ് 305 ബൂത്തുകളായി തിരിച്ചിരിക്കുന്നത്. പോളിംഗ് സ്റ്റേഷനിലേക്ക് ഒരു പ്രിസൈഡിംഗ് ഓഫീസറും, മൂന്ന് പോളിംഗ് ഓഫീസർമാരും, ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. റിട്ടേണിംഗ് ഓഫീസർ സുരേശൻ കാണിച്ചേരി, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ജി.വരുൺ, താലൂക്ക് തഹസിൽദാർ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.