തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ വെബ് കാസ്റ്റിംഗ് കൺട്രോൾ റൂം പ്രവർത്തനസജ്ജം. ജില്ലയിലെ 3858 ബൂത്തുകളിൽ 1750 ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുള്ളത്. കളക്ടറേറ്റിനോട് ചേർന്നുള്ള ജില്ലാ ആസൂത്രണ ഭവനിൽ സജ്ജമാക്കിയിട്ടുള്ള 73 കമ്പ്യൂട്ടറുകളുടെ പ്രവർത്തനത്തിന് വിവിധ പഞ്ചായത്തുകളിലെ 73 ടെക്‌നിക്കൽ അസിസ്റ്റന്റുമാരെ നിയമിച്ചിട്ടുണ്ട്. ഇത് കൂടാതെ സൂപ്പർവിഷൻ പ്രവർത്തനങ്ങൾക്ക് 16 അക്ഷയ സൂപ്പർവൈസർമാരെയും വെബ്കാസ്റ്റിംഗ് സംവിധാനത്തിന്റെ നിരീക്ഷണത്തിന് 14 റവന്യൂ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ജില്ലാതല വെബ്കാസ്റ്റിംഗിന്റെ മേൽനോട്ടം വഹിക്കുന്നത് നോഡൽ ഓഫീസറായ കളക്ടറേറ്റ് ജൂനിയർ സൂപ്രണ്ടന്റ് എ.ഐ. ജയിംസ് ആണ്. വൈബ് കാസ്റ്റിംഗ് നടക്കുന്ന ബൂത്തുകളിൽ ഓരോ വെബ് കാമറയും ലാപ്‌ടോപ്പുമാണ് സജ്ജമാക്കിയിട്ടുണ്ട്.