കാഞ്ഞാണി: നിശബ്ദ പ്രചാരണത്തിലും മണലൂർ, അന്തിക്കാട് പഞ്ചായത്തുകളിൽ സ്ഥാനാർത്ഥികളെത്തി വോട്ട് അഭ്യർത്ഥിച്ചു. മണലൂരിൽ 27 വർഷം കോൺഗ്രസ് പ്രസിഡന്റായിരുന്ന കെ.കെ അരവിന്ദന്റെ വിട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയ് ഹരി സന്ദർശനം നടത്തി. നാട്ടിക എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.സി മുകുന്ദൻ രാവിലെ മുതൽ ഉച്ചവരെ വരെ അന്തിക്കാട് കോളനികളിൽ സന്ദർശനം നടത്തി.

വോട്ടെടുപ്പ് ദിനത്തിൽ നാട്ടിക എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.സി മുകുന്ദൻ രാവിലെ ഏഴിന് അന്തിക്കാട് ജി.എൽ.പി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തും. മന്ത്രി വി.എസ്. സുനിൽകുമാർ രാവിലെ ഏഴിന് മാങ്ങാട്ടുകര എ.യു.പി.എസിലും, ഒല്ലൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. രാജൻ അന്തിക്കാട് ഹൈ സ്‌കൂളിലും, തൃശൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ബാലചന്ദ്രൻ രാവിലെ 7.30 ന് അന്തിക്കാട് ഗവ. എൽ.പി സ്‌കൂളിലും, എൻ.ഡി.എ സ്ഥാനാർത്ഥി ലോജനൻ അമ്പാട്ട് കുമ്പിടി ലിറ്റിൽ ഫ്‌ളവർ എൽ.പി സ്‌കൂളിലും വോട്ട് ചെയ്യും. മണലൂരിലെ സ്ഥാനാർത്ഥികളായ വിജയ് ഹരി ചേറൂർ എൻ.എസ് യു.പി സ്‌കൂളിലും, മുരളി പെരുന്നെല്ലി ഊരകം സ്‌കൂളിലും, എ.എൻ രാധാകൃഷ്ണൻ എറണാകുളം ജില്ലയിലെ ചേരാനെല്ലൂർ അൽഫോറിക്ക ഹൈ സ്‌കൂളിലും, സംവിധായകൻ സത്യൻ അന്തിക്കാട് ജി.എൽ.പി സ്‌കൂളിലും, നാട്ടിക യു.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ ലാലൂർ രാവിലെ ഏഴിന് ലാലൂർ മത്തായിപുറം കമ്മ്യൂണിറ്റി ഹാളിലും വോട്ട് രേഖപ്പെടുത്തും.