തൃശൂർ: മീനമാസത്തിലെ കടുത്ത ചൂടിലും തളരാതെ ജനം ബൂത്തിലേക്ക് ഒഴുകിയപ്പോൾ ജില്ലയിൽ പോളിംഗിന്റെ ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപേ വലിയ നിരയായിരുന്നു ബൂത്തുകൾക്ക് മുന്നിലുണ്ടായിരുന്നത്. വൃദ്ധരും കന്നിവോട്ടർമാരും അടക്കമുള്ളവർ ഉച്ചയ്ക്ക് മുമ്പേ ബൂത്തിലെത്തി.
ഉച്ചയ്ക്ക് ശേഷമായിരുന്നു പോളിംഗ് ശതമാനം കുറഞ്ഞത്. എരുമപ്പെട്ടിയിലും വേലൂപ്പാടത്തും തെക്കുംകരയിലും വോട്ടിംഗ് യന്ത്രം കുറച്ചുസമയം തകരാറായെങ്കിലും പെട്ടെന്ന് പ്രശ്‌നം പരിഹരിച്ച് പോളിംഗ് തുടരാൻ കഴിഞ്ഞു. കടുത്ത മത്സരം നടക്കുന്ന വടക്കാഞ്ചേരിയിലും കുന്നംകുളത്തുമായിരുന്നു രാവിലെ മുതൽ ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. എന്നാൽ ഗുരുവായൂരിൽ ആദ്യാവസാനം പോളിംഗ് ശതമാനം കുറവായിരുന്നു.
ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി, കയ്പ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിൽ അഞ്ചോടെ പോളിംഗ് 70 ശതമാനം പിന്നിട്ടു. മന്ത്രിമാരും പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.
തിരുവനന്തപുരത്ത് വോട്ടുള്ള സുരേഷ് ഗോപി ഉച്ച വരെ തൃശൂരിലെ ബൂത്തുകളിൽ സന്ദർശനം നടത്തി. രണ്ടോടെയാണ് ഹെലികോപ്റ്ററിൽ ശാസ്തമംഗലത്തെത്തി വോട്ട് ചെയ്തത്. ഇരിങ്ങാലക്കുടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. ജേക്കബ് തോമസ് കടവന്ത്ര ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
സമാധാനപരമെങ്കിലും
രാവിലെ മുതൽ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. എന്നാൽ, കയ്പ്പമംഗലം യു.ഡി.എഫ് സ്ഥാനാർത്ഥി ശോഭ സുബിന്റെ ബൂത്ത് ഏജന്റിന് നേരെ എൽ.ഡി.എഫ് ആക്രമണമുണ്ടായതായും കോൺഗ്രസുകാർ ഡി.വൈ.എഫ്.ഐ നേതാവിനെ പരിക്കേൽപ്പിച്ചതായും പരാതി ഉയർന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലേറും സംഘർഷവുമുണ്ടായ കുന്നംകുളത്തെ കാട്ടാകാമ്പാലിലും മറ്റ് പ്രശ്നബാധിത പ്രദേശങ്ങളിലും പൊലീസ് സന്നാഹമുണ്ടായിരുന്നു.
77 സ്ഥാനാർത്ഥികൾ
സ്ഥാനാർത്ഥികൾ രാവിലെ വോട്ട് ചെയ്ത ശേഷം ബൂത്തുകളിൽ പര്യടനത്തിലായിരുന്നു. പ്രവർത്തകരെ കണ്ട് അടിയൊഴുക്കുകളും വിലയിരുത്തി. 39 മുന്നണി സ്ഥാനാർത്ഥികൾ അടക്കം മത്സരരംഗത്തുണ്ടായിരുന്നത് 77 പേരായിരുന്നു. എൽ.ഡി.എഫിൽ സി.പി.എം ഏഴ് സീറ്റുകളിലും സി.പി.ഐ ആറ് സീറ്റുകളിലും കേരള കോൺഗ്രസ് (എം) ഒരു സീറ്റിലും മത്സരിച്ചപ്പോൾ, യു.ഡി.എഫിൽ കോൺഗ്രസ് 11 സീറ്റിലും മുസ്‌ളിം ലീഗും കേരള കോൺഗ്രസും ഓരോ സീറ്റിലുമായിരുന്നു. എൻ.ഡി.എയിൽ ബി.ജെ.പി 10 സീറ്റിലും ബി.ഡി.ജെ.എസ് രണ്ട് സീറ്റിലും മത്സരിച്ചു. പത്രിക തള്ളിയതിനാൽ ഗുരുവായൂരിൽ ഡി.എസ്.ജെ.പി സ്ഥാനാർത്ഥിക്കായിരുന്നു ബി.ജെ.പിയുടെ പിന്തുണ.