radhakrishna

ചേലക്കര: ചേലക്കര മണ്ഡലത്തിലെ നാലു മത്സരാർത്ഥികളിൽ സ്വന്തം വോട്ട് അവർക്ക് തന്നെ ചെയ്യാൻ കഴിഞ്ഞത് ഒരാൾക്കു മാത്രം. നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന കെ. രാധാകൃഷ്ണനു മാത്രമാണ് അദ്ദേഹത്തിനായി വോട്ട് ചെയ്യാനായത്. മറ്റുള്ളവർക്ക് വേറേ മണ്ഡലങ്ങളിലാണ് വോട്ടുള്ളത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണൻ തോന്നൂർക്കര യു.പി സ്കൂളിലെ 75-ാം നമ്പർ ബൂത്തിലെത്തി വോട്ടു ചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥി സി.സി. ശ്രീകുമാറിന് കേച്ചേരി ജ്ഞാന പ്രകാശിനി യു.പി സ്‌കൂളിൽ അമ്പത്തഞ്ചാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. എൻ.ഡി.എ സ്ഥാനാർത്ഥി ഷാജുമോൻ വട്ടേക്കാടിന് ചാലക്കുടി കൊടകര വട്ടേക്കാട് തേശ്ശേരി എ.യു.പി സ്‌കൂളിലെ ഇരുപത്തഞ്ചാം നമ്പർ ബൂത്തിലും വോട്ടു ചെയ്തു. എസ്.ഡി.പി.ഐ സ്ഥാനാർത്ഥി ചന്ദ്രൻ തിയ്യത്തിന് ഗുരുവായൂർ മുൻസിപ്പാലിറ്റി ഒന്നാം വാർഡിൽ തൊഴിയൂർ സെന്റ് ജോർജ് ഹൈസ്‌കൂൾ 76 നമ്പർ ബൂത്തിലുമായിരുന്നു വോട്ട്.