തൃശൂർ: തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകര എം.എൻ.ഡി.എൽ.പി സ്‌കൂളിൽ മന്ത്രി എ.സി. മൊയ്തീൻ ഇത്തവണയും ആദ്യത്തെ വോട്ടറായി വോട്ട് രേഖപ്പെടുത്തി. ഇന്നലെ രാവിലെ ഏഴിന് ഒരു മിനിറ്റ് ആകുമ്പോഴേക്കും മന്ത്രി വോട്ടിട്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സമയത്തിന് മുമ്പേയെത്തി മന്ത്രി വോട്ടിട്ടെന്ന് അനിൽ അക്കര എം.എൽ.എ ആരോപണം ഉയർത്തിയിരുന്നു.

ലൈഫ് മിഷൻ തകർത്ത യു.ഡി.എഫിനുള്ള ജനത്തിന്റെ മറുപടിയാകും തിരഞ്ഞെടുപ്പ് ഫലമെന്ന് മന്ത്രി എ.സി. മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 2016നേക്കാൾ മികച്ച ഭൂരിപക്ഷമായിരിക്കും ഇത്തവണ ലഭിക്കുക. 13 സീറ്റും എൽ.ഡി.എഫ് നേടുമെന്നും മൊയ്തീൻ പറഞ്ഞു.