moideen

തൃശൂർ: സമ്മതിദാനാവകാശം പോളിംഗിന്റെ ആദ്യമണിക്കൂറുകളിൽ തന്നെ കൃത്യമായി വിനിയോഗിച്ച് ജില്ലയിലെ പ്രമുഖർ വോട്ടർമാർക്ക് മാതൃകയായി. കുന്നംകുളത്തെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ മന്ത്രി എ.സി മൊയ്തീൻ തെക്കുംകര പനങ്ങാട്ടുകര എം.എൻ.ഡി സ്‌കൂളിലും,​ മന്ത്രി വി.എസ് സുനിൽകുമാർ മാങ്ങാട്ടുകര എ.യു.പി സ്‌കൂൾ ബൂത്ത് 26ലും,​ മന്ത്രി സി. രവീന്ദ്രനാഥ് കേരളവർമ്മ കോളേജിലും,​ ഗവ. ചീഫ് വിപ്പ് കെ. രാജൻ അന്തിക്കാട് ഹൈസ്‌കൂളിൽ ബൂത്ത് 35ലും കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തി.

എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും ഭാര്യയും ഇരിങ്ങാലക്കുടയിലെ സ്ഥാനാർത്ഥിയുമായ പ്രൊഫ. ആർ. ബിന്ദുവും കേരളവർമ്മ കോളേജിലെത്തി വോട്ട് ചെയ്തു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും ചേലക്കര എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ. രാധാകൃഷ്ണൻ തോന്നൂർക്കര എ.യു.പി സ്‌കൂളിലും വോട്ട് ചെയ്യാനെത്തി. മുൻ എം.പിയും നടനുമായ ഇന്നസെന്റ് ഡോൺ ബോസ്‌കോ സ്‌കൂളിലും,​ നടൻ ടൊവിനോ തോമസ് ഗവ. ഗേൾസ് സ്‌കൂളിലും വോട്ട് ചെയ്തു.

നടിയും കേരള സംഗീത നാടക അക്കാഡമി ചെയർപേഴ്‌സണുമായ കെ.പി.എ.സി ലളിത മകൻ സിദ്ധാർത്ഥിനൊപ്പം വടക്കാഞ്ചേരി എങ്കക്കാട് ശ്രീരാമ എൽ.പി സ്‌കൂളിലും,​ നടി മഞ്ജുവാര്യർ പുള്ള് എ.എൽ.പി സ്‌കൂളിലും,​ രചന നാരായണൻകുട്ടി പാർളിക്കാട് ഗവ. യു.പി സ്‌കൂളിലും,​ മാളവിക തൃശൂർ സർവേ സ്‌കൂളിലും വോട്ടു ചെയ്തു. നടി അനുപമ പരമേശ്വരൻ ഹൈദരാബാദിൽ തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് തിരക്കിലായതിനാൽ വോട്ട് രേഖപ്പെടുത്താനെത്തിയില്ല.

മുൻ മന്ത്രി കെ.പി രാജേന്ദ്രൻ പൂങ്കുന്നം സ്‌കൂളിലും,​ സി.സി മുകുന്ദൻ അന്തിക്കാട് എൽ.പി സ്‌കൂളിലും,​ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ പൂവത്തൂർ സെന്റ് ആന്റണീസ് യു.പി സ്‌കൂളിലും,​ സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ മാർ അപ്രേം പള്ളിയിലെ ബൂത്തിലും,​ സംവിധായകരായ കമൽ ലോകമലേശ്വരം ലിറ്റിൽ ഫ്‌ളവർ എൽ.പി.എ സ്‌കൂളിലും,​ സത്യൻ അന്തിക്കാട് അന്തിക്കാട് ഗവ. എൽ.പി സ്‌കൂളിലും,​ സാഹിത്യകാരൻ ടി.ഡി രാമകൃഷ്ണൻ എയ്യാൽ അംഗനവാടിയിലും വോട്ട് ചെയ്തു. തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലും വോട്ട് ചെയ്തു.


വ്യക്തികളെ അധിഷ്ഠിതമാക്കിയാണ് വോട്ട് രേഖപ്പെടുത്താറുള്ളത്. പ്രത്യയശാസ്ത്രമോ സംഘടനയോ തന്നെ സ്വാധീനിക്കാറില്ല.

ടോവിനോ.
നടൻ


യു.ഡി.എഫ് ഇത്തവണ വൻ മുന്നേറ്റം നടത്തും. നാട്ടിക മണ്ഡലത്തിൽ ഇത്തവണ സ്ഥാനാർത്ഥികളെ കുറിച്ച് വലിയ താരതമ്യപഠനം നടന്നിട്ടുണ്ട്.

ടി.എൻ പ്രതാപൻ
എംപി.


തിരഞ്ഞെടുപ്പിൽ ഇത്തവണയും എൽ.ഡി.എഫ് വമ്പിച്ച ഭൂരിപക്ഷം നേടും.

മന്ത്രി സി. രവീന്ദ്രനാഥ്


കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകും. കൊടുങ്ങല്ലൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ആർ സുനിൽ കുമാർ വിജയിക്കും.

കമൽ
സംവിധായകൻ