കാഞ്ഞാണി: കാരമുക്കിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തി. ശ്രീ നാരായണഗുപ്തസമാജം ഹയർസെക്കൻഡറി സ്‌കുളിൽ നൂറ്റിഅറുപത്തിമൂന്ന് എ ബൂത്തിലാണ് സംഭവം. ഉച്ചയ്ക്ക് 17 -ാം വാർഡിൽ വന്നേരി സുഗതന്റെ ഭാര്യ മണിദീപ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് രാവിലെ വോട്ട് ചെയ്ത് പോയതായി കണ്ടെത്തിയത്. തുടർന്ന് മണിദീപയെ കൊണ്ട് ടെണ്ടർ വോട്ട് ചെയ്യിപ്പിക്കുകയാണുണ്ടായത്. രാവിലെ 9.20തോടുകുടിയാണ് വോട്ട്‌ചെയ്തിട്ടുള്ളതെന്നും ശോഭന എന്നപേരിലാണ് ഒപ്പിട്ടുള്ളതെന്നും പരിശോധനയിൽ കണ്ടെത്തിയെങ്കിലും ബൂത്തിനുള്ളിൽ വെബ്കാമറ ഇല്ലാത്തതിനാൽ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് മേൽ അധികൃതർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് പ്രസൈഡിംഗ് ഓഫീസർ മിനി ഇ.ആർ പറഞ്ഞു.