പാവറട്ടി: വെന്മേനാട് സ്വദേശി ഒലക്കേങ്കിൽ ആന്റണിക്ക് എൺപതാം വയസിൽ കന്നിവോട്ട്. സ്വാതന്ത്ര്യം കിട്ടുന്നതിനും ആറ് വർഷം മുമ്പ് 1941ലാണ് ജനനമെങ്കിലും ഇതുവരെ സമ്മിതിദാന അവകാശം വിനിയോഗിക്കാനായില്ല. വാർദ്ധക്യത്തിലാണെങ്കിലും ആദ്യമായി വോട്ട് ചെയ്തതിന്റെ ത്രില്ലിലാണ് ആന്റണി.
വളരെ ചെറുപ്പത്തിൽ തന്നെ ദുബായിൽ പ്രവാസ ജീവിതം ആരംഭിച്ചതു കൊണ്ടാണ് വോട്ട് ചെയ്യാനാകാതെ വന്നത്. 41 വർഷം മുൻപ് നാട്ടിൽ തിരിച്ചെത്തിയെങ്കിലും ബിസിനസിനായി ബംഗളൂരുവിലേക്ക് ചേക്കേറി.1995ൽ നാട്ടിൽ തിരിച്ചെത്തിയെങ്കിലും വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തിരുന്നില്ല. ആധാറും മറ്റ് രേഖകളും ഇല്ലാത്തതിനാൽ വോട്ടേഴ്‌സ് ഐ.ഡി കാർഡ് എടുക്കാനും കഴിഞ്ഞില്ല.
രണ്ട് വർഷം മുൻപ് രേഖകളല്ലാം ശരിയാക്കി. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ബി.എൽ.ഒ എൻ.ജെ. ജയിംസാണ് വോട്ടുണ്ടോയെന്ന് ചോദിച്ചറിഞ്ഞത്. തുടർന്ന് പാവറട്ടി സി.എസ്.സിയിലേക്ക് പറഞ്ഞയച്ച് വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർത്ത് കാർഡ് വീട്ടിൽ എത്തിക്കുകയായിരുന്നു.
വെന്മേനാട് എംഎഎസ്എം ഹയർ സെക്കണ്ടറി സ്‌കൂളിലാണ് ആന്റണിക്ക് വോട്ട്. ജനാധിപത്യത്തിന്റെ ഭാഗമായി മാറാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടന്ന് ആന്റണി പറഞ്ഞു.