വടക്കാഞ്ചേരി: കിട്ടാവുന്ന ഓരോ വോട്ടും പെട്ടിയിലാക്കി തങ്ങളുടെ വിജയം ഉറപ്പിക്കാൻ അവസാന നിമിഷം വരെയും ഓരോ മുന്നണികളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. തിരഞ്ഞെടുപ്പ് ഓട്ടം അവസാനിച്ചെങ്കിലും നെഞ്ചിടിപ്പ് മാറാൻ ഇനി 26 ദിവസം കാത്തിരിക്കണം. മേയ് രണ്ടിന് വോെട്ടണ്ണിത്തീരുന്നതുവരെ സ്ഥാനാർത്ഥികളുടെയും മുന്നണികളുടെയും
കൂട്ടലും കിഴിക്കലും തുടരും.
വോട്ടെടുപ്പ് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് ക്യാമ്പുകൾ ഉറച്ച ആത്മവിശ്വാസത്തിലാണ്. എന്നാൽ ഇക്കുറി കാറ്റ് വലത്തോട്ടാണെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. ഗ്രൂപ്പും പടലപ്പിണക്കവുമെല്ലാം മറന്ന് ഒറ്റക്കെട്ടായാണ് യു.ഡി.എഫ് ഇക്കുറി പ്രവർത്തിച്ചത്. തീ പാറുന്ന പോരാട്ടമായിരുന്നു ഇത്തവണ നടന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി അനിൽ അക്കരയാണെന്ന് ഉറപ്പായപ്പോഴാണ് സേവ്യർ ചിറ്റിലപ്പിള്ളിയെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയത്.
സേവ്യർ ചിറ്റിലപ്പിള്ളി കഴിഞ്ഞതവണ മത്സരിക്കുമെന്ന് പലരും ധരിച്ചിരുന്നെങ്കിലും ഒടുവിൽ മേരി തോമസായിരുന്നു സ്ഥാനാർത്ഥി. ഇത്തവണ സേവ്യർ ചിറ്റിലപ്പിള്ളിയെ സ്ഥാനാർത്ഥിയാക്കിയതോടെ യുവാക്കളും ജനങ്ങളും ചിട്ടയായ പ്രവർത്തനത്തോടെ രംഗത്തുണ്ടായിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥിയും ഇത്തവണ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. ഇന്നലെ വോട്ടെടുപ്പിന്റെ അവസാന സമയം വരെ ബൂത്തുകളിൽ സ്ത്രീകൾ അടക്കമുള്ളവരുടെ വൻതിരക്കായിരുന്നു.