കൊടുങ്ങല്ലൂർ: തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമായി തയ്യാറാക്കിയ സ്ത്രീ സൗഹൃദ പിങ്ക് പോളിംഗ് ബൂത്തുകൾ ശ്രദ്ധേയമായി. കയ്പമംഗലം നിയോജക മണ്ഡലത്തിൽ എറിയാട് എം.ഐ.ടി സ്‌കൂൾ, പനങ്ങാട് ഹയർ സെക്കൻഡറി സ്‌കൂൾ, എടതിരിത്തി സെന്റ് ആന്റണീസ് കോൺവെന്റ്, കയ്പമംഗലം ഗവ. ഫിഷറീസ് സ്‌കൂൾ, പെരിഞ്ഞനം എസ്.എൻ സ്മാരക യു.പി സ്‌കൂൾ എന്നിവിടങ്ങളിലാണ് പിങ്ക് ബൂത്തുകൾ തയ്യാറാക്കിയത്. പിങ്ക് നിറത്തിലുള്ള തുണികളും തോരണങ്ങളും ഉപയോഗിച്ച് ബൂത്തുകൾ അലങ്കരിച്ചിരുന്നു. സ്ത്രീകൾക്കായി പ്രത്യേക ശുചിമുറി, ഫീഡിംഗ് റൂം, വിശ്രമ മുറി എന്നിവ പിങ്ക് ബൂത്തുകളുടെ പ്രത്യേകതയായിരുന്നു. പിങ്ക് പോളിംഗ് സ്‌റ്റേഷനുകളിൽ പ്രിസൈഡിംഗ് ഓഫീസർമാർ, ബൂത്ത് ലെവൽ ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ, പൊലീസ് എന്നിവരുൾപ്പെടെ പൂർണമായും വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എം.ഐ.ടി സ്‌കൂളിൽ പുരുഷൻമാരും പോളിംഗ് ഡ്യൂട്ടിക്കുണ്ടായിരുന്നു. പിങ്ക് ബൂത്തിലെത്തിയ കന്നി വോട്ടർമാർക്ക് വർണ്ണശബളമായ മാസ്‌ക്ക് സമ്മാനമായി നൽകി. ആദ്യവോട്ടിന്റെ അനുഭവം രേഖപ്പെടുത്താനും ഇവിടെ സംവിധാനമൊരുക്കിയിരുന്നു. പിങ്ക് ബൂത്ത് വോട്ടർമാർക്ക് തികച്ചും വ്യത്യസ്തമായ അനുഭവമാണ് പകർന്നു നൽകിയത്.