കയ്പമംഗലം: തീരദേശമായ കയ്പമംഗലത്ത് വോട്ടെടുപ്പ് സമാധാനപരം. പോളിംഗ് 76.68%. മിക്ക ബുത്തുകളിലും രാവിലെ ഏഴിന് തന്നെ പോളിംഗ് തുടങ്ങി. നേരത്തെ തന്നെ ആളുകൾ വോട്ടു ചെയ്യാൻ വന്നതിൽ പലയിടത്തും നല്ല തിരക്ക് അനുഭവപെട്ടിരുന്നു. പിന്നീട് ഒമ്പതിന് ശേഷം പലയിടത്തും ആളുകൾ കുറവായിരുന്നു.
ആയിരത്തിൽ കൂടുതൽ വോട്ടർ ഉള്ള ബുത്തുകളിൽ രണ്ടു ബൂത്തുകാളാക്കിയതും സഹായകരമായി. എൽ.ഡി.എഫ് കയ്പമംഗലം നിയോജകമണ്ഡലം സ്ഥാനാർത്ഥി ഇ.ടി. ടൈസൺ മാസ്റ്റർ ഭാര്യ സുനിത ടീച്ചറും കാര സെന്റ് ആൽബന എൽ.പി സ്‌കൂളിൽ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഇരിങ്ങാലക്കുട എം.എൽ.എ കെ.യു. അരുണൻ മാസ്റ്റർ, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ എന്നിവർ കുടുംബസമ്മേതം രാവിലെ തന്നെ എടത്തിരുത്തി സെന്റ് ആൻസ് ഗേൾസ് സ്‌കൂളിൽ വോട്ട് രേഖപെടുത്തി. യു.ഡി.എഫ് കയ്പമംഗലം നിയോജകമണ്ഡലം സ്ഥാനാർതഥി ശോഭ സുബിൻ ഭാര്യ അഡ്വ.രേഷ്മ ഇക്ബാലും കൂരിക്കുഴി എ.എം.യു.പി സ്‌കൂളിൽ ഉച്ചയോടെ വോട്ട് രേഖപെടുത്തി. എൻ.ഡി.എ സ്ഥാനാർത്ഥി സി.ഡി. ശ്രീലാൽ മാള ആലത്തൂർ സ്‌കൂളിൽ കുടുംബത്തോടൊപ്പം വോട്ട് രേഖപെടുത്തി. നാട്ടിക എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് എൽ.പി സ്‌കൂളിൽ കുടുംബ സമ്മേതം രാവിലെ 10 മണിക്ക് വോട്ടു ചെയ്തു.
സ്ഥാനാർത്ഥികൾ മണ്ഡലത്തിലെ പോളിംഗ് നടക്കുന്ന മിക്ക സ്‌കൂളുകളും സന്ദർശിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി. ടൈസൺ മാസ്റ്റർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷത്തേക്കാളും കൂടുതൽ വോട്ടുകൾ നേടി മികച്ച വിജയം കൈവരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥി ശോഭ സുബിൻ കയ്പമംഗലത്ത് തനിക്ക് അട്ടിമറി വിജയം ഉണ്ടാവുമെന്ന് പറഞ്ഞു.