ചാലക്കുടി: മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡെന്നീസ് കെ. ആന്റണി കോനൂരിലെ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വോട്ടു ചെയ്തു. 174-ാം നമ്പർ ഹരിത ബൂത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വോട്ട് ചെയ്തത്. ഭാര്യ സിജിയോടൊപ്പമാണ് അദ്ദേഹം സമ്മതിദാനം വിനിയോഗിച്ചത്. എൽ.ഡി.എഫ് അനൂകൂലമായ അന്തരീക്ഷമാണ് മണ്ഡലത്തിലെന്നും താൻ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം. പറഞ്ഞു.
ബി.ഡി. ദേവസി എം.എൽ.എയുടെ കോനൂരിലെ സെന്റ് ജോസഫ് ചർച്ച് പാരീഷ് ഹാളിൽ ഒന്നാം നമ്പർകാരനായാണ് അദ്ദേഹം സമ്മതിദാനം വിനിയോഗിച്ചത്. ഭാര്യ ബ്രീജീത്തയും ഒപ്പമുണ്ടായി. കേരളത്തിൽ ഇക്കുറി എൽ.ഡി.എഫ് തരംഗം ആവർത്തിക്കുമെന്നും വലിയ വികസന പ്രവർത്തനങ്ങൾ നടന്ന ചാലക്കുടിയിൽ ഡെന്നീസ് കെ. ആന്റണി മികച്ച വിജയം നേടുമെന്ന് എം.എൽ.എ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സനീഷ്‌കുമാർ ജോസഫിന് പുതുക്കാട് മണ്ഡലത്തിലായിരുന്നു വോട്ട്. രാവിലെ തന്നെ തന്റെ വോട്ട് രേഖപ്പെടുത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി തുടർന്ന് ചാലക്കുടിയിലെത്തി. യു.ഡി.എഫിന് ചാലക്കുടിയിൽ മികച്ച വിജയമുണ്ടാകുമെന്ന് സ്ഥാനാർത്ഥി ആത്മവിശ്വാസം പ്രകടിപ്പിച്ചു.