ചാലക്കുടി: പോളിംഗ് മെഷിനിൽ സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെ മഷിപുരണ്ട അടയാളം കണ്ടെന്ന പരാതിയിൽ കോടശേരിയിലെ 30-ാം നമ്പർ ബൂത്തിൽ രണ്ടു മണിക്കൂറോളം പോളിംഗ് തടസ്സപ്പെട്ടു. നായരങ്ങാടി ഗവ. യു.പി സ്കൂളിലെ ബൂത്തിലാണ് ഉച്ചതിരിഞ്ഞ് ഒന്നര മുതൽ മൂന്നര വരെ പോളിംഗ് നിറുത്തിവച്ചത്.
പിന്നീട് പുതിയ യന്ത്രം വച്ചശേഷം പോളിംഗ് പുനരാരംഭിക്കുകയായിരുന്നു. നിലവിലെ മെഷിൻ സീൽ ചെയ്ത് മാറ്റിവയ്ക്കുകയും ചെയ്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെയാണ് അവ്യക്തമായ രീതിയിൽ അടയാളം കണ്ടത്.
ഒരു വോട്ടർ പരാതിപ്പെട്ടപ്പോൾ മറ്റു സ്ഥാനാർത്ഥികളുടെ ഏജന്റുമാർ ബഹളം വച്ചു. തുടർന്നാണ് പ്രിസൈഡിംഗ് ഓഫീസർ, പുതിയ മെഷിൻ സ്ഥാപിക്കാൻ തീരുമാനിച്ചത്. ആരുടേയോ വിരലിൽ പുരട്ടിയ മഷിയായിരിക്കാം മെഷിനിൽ പതിഞ്ഞതെന്ന് കരുതുന്നു.