election

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് മുന്നണികളുടെ ജയ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നില്ല. 77.74 ശതമാനമായിരുന്നു 2016 ലെ നിയമസഭാതിരഞ്ഞെടുപ്പിലെ പോളിംഗ്. എന്നാൽ ഇത്തവണ പോളിംഗ് ശതമാനം രാത്രി വിവരം ലഭിക്കും വരെ 75ന് അടുത്തെത്തുന്നതേയുള്ളൂ.

ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായാലേ പോളിംഗ് ശതമാനത്തിന് വ്യക്തത വരൂ. എന്നിരുന്നാലും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനത്തിനൊപ്പമെത്താൻ സാദ്ധ്യത വിരളമാണ്. പോളിംഗ് ശതമാനത്തിൽ കുറവുണ്ടായാലും ഫലം തങ്ങൾക്കനുകൂലമാകുമെന്ന കണക്കുകൂട്ടലാണ് എല്ലാ മുന്നണികൾക്കുമുള്ളത്. ഔദ്യോഗിക കണക്കുകൾ പുറത്തുവരുമ്പോൾ പോളിംഗിൽ കഴിഞ്ഞ തവണത്തേക്കാൾ വലിയൊരു വ്യത്യാസമുണ്ടാകില്ലെന്നും അവർ കണക്ക് കൂട്ടുന്നു. കൊവിഡ് രോഗ ഭീതി നിലനിൽക്കുന്നതാകാം പോളിംഗ് കുറയാൻ കാരണമായതെന്നും വിലയിരുത്തലുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് സമാനമായ വിധിയാണ് നിയമസഭാ തിരഞ്ഞെടുപ്പിലുമുണ്ടാകുക. വലിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തും. യു.ഡി.എഫ് ജില്ലയിൽ തിളക്കമാർന്ന ജയം നേടും. 5 മുതൽ 7 സീറ്റുകൾ വരെ ജില്ലയിൽ യു.ഡി.എഫ് നേടും.


എം.പി വിൻസെന്റ്

(ജില്ലാ കോൺഗ്രസ് കമ്മിറ്റി, പ്രസിഡന്റ്).

പോളിംഗ് ശതമാനത്തിലെ കുറവ് എൽ.ഡി.എഫ് ജയത്തെ ബാധിക്കില്ല. എൽ.ഡി.എഫ് വോട്ടുകളെല്ലാം പോൾ ചെയ്തുവെന്നാണ് മനസിലാക്കുന്നത്. യു.ഡി.എഫ് വോട്ടർമാർ പലരും വോട്ട് രേഖപ്പെടുത്തിയില്ലെന്ന് വേണം കരുതാൻ. എൽ.ഡി.എഫിന് തിളക്കമാർന്ന ജയം ഉണ്ടാകും. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ജനം അംഗീകാരം നൽകും.


എം.എം വർഗീസ്

(ജില്ലാ സെക്രട്ടറി, സി.പി.എം).

ഏകപക്ഷീയ മത്സരമല്ല, പലയിടത്തും ശക്തമായ ത്രികോണ മത്സരമാണുള്ളത്. എൻ.ഡി.എയ്ക്ക് ജില്ലയിൽ വലിയ രീതിയിലുള്ള മുന്നേറ്റമുണ്ടാക്കാനാകുമെന്ന വിലയിരുത്തലാണുള്ളത്. പല മണ്ഡലങ്ങളിലും ബി.ജെ.പി നിർണായക ശക്തിയാകും. മൂന്നിൽ കുറയാത്ത മണ്ഡലങ്ങളിൽ എൻ.ഡി.എ ജയം നേടും.


എ.നാഗേഷ്

(സംസ്ഥാന സെക്രട്ടറി, ബി.ജെ.പി).