തൃശൂർ : പോളിംഗ് ശതമാനത്തിൽ കൂടുതൽ കയ്പ്പമംഗലം മണ്ഡലത്തിൽ 76.62 ശതമാനം പേരാണ് വോട്ട് രേഖപെടുത്തിയത്. കഴിഞ്ഞ തവണ പുതുക്കാട് മണ്ഡലത്തിലായിരുന്നു ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത്.
81.07 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് ഗുരുവായൂർ മണ്ഡലത്തിലാണ്. 68.40 ശതമാനം. കഴിഞ്ഞ തവണയും ജില്ലയിൽ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് ഗുരുവായൂർ തന്നെയായിരുന്നു. കഴിഞ്ഞ തവണ മൊത്തം 77.74 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ ഇത്തവണ അത് 73.74 ആയി കുറഞ്ഞു. എല്ലാ മണ്ഡലത്തിലും പോളിംഗ് ശതമാനം കുറഞ്ഞു. ഒറ്റ മണ്ഡലത്തിലും 80 ശതമാനം കടന്നില്ല.
മണ്ഡലം, വോട്ട്, കഴിഞ്ഞ തവണത്തെ വോട്ട്
ചേലക്കര 75.75 (79.21)
കുന്നംകുളം 76.37 (78.74)
ഗുരുവായൂർ 68.40 (73.05 )
മണലൂർ 73.14 (76.49)
വടക്കാഞ്ചേരി 76.07 (80.47)
ഒല്ലൂർ 73.84 (77.7)
തൃശൂർ 68.90 ( 73.29)
നാട്ടിക 71.30 (76.22)
കൈപ്പമംഗലം76.62 (79.07)
ഇരിങ്ങാലക്കുട 74.73 (77.53)
പുതുക്കാട് 75.55 (81.07)
ചാലക്കുടി 72.62 (78.6)
കൊടുങ്ങല്ലൂർ 74.94 (79.24)
വോട്ടിംഗ് മെഷീൻ, പലയിടത്തും പണിമുടക്കി
തൃശൂർ: പതിവ് തെറ്റിക്കാതെ വോട്ടിംഗ് മെഷീൻ ജില്ലയിൽ പലയിടത്തും പണിമുടക്കി. വോട്ടിംഗ് യന്ത്രം നിശ്ചലമായതോടെ പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകി. മാള പൊയ്യ എൽ.പി സ്കൂളിലെ 127-ാം ബൂത്തിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലും യന്ത്രം കേടായതിനെ തുടർന്ന് വോട്ടിംഗ് വൈകി. വേലൂപ്പാടം 71 എ ബൂത്തിൽ പുതിയ യന്ത്രമെത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്.
മോക്ക് പോൾ നടത്തുന്നതിനിടെ മറ്റത്തൂർ കടങ്ങോട് ബൂത്തിലെ യന്ത്രം തകരാർ കാണിച്ചത് പിന്നീട് പരിഹരിച്ചു. ചാലക്കുടിയിൽ രണ്ട് ബൂത്തുകളിൽ വോട്ടിംഗ് മെഷീൻ പണിമുടക്കി. ക്രസന്റ് പബ്ലിക് സ്കൂൾ, ഐ.ആർ.എം എൽ.പി സ്കൂൾ എന്നീ ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളാണ് പണിമുടക്കിയത്. ഇതുമൂലം 20 മിനിറ്റ് നേരം വോട്ടെടുപ്പ് നിറുത്തിവയ്ക്കേണ്ടി വന്നു. പകരം മെഷീൻ കൊണ്ടുവന്ന് സ്ഥാപിച്ച ശേഷമാണ് വോട്ടെടുപ്പ് തുടർന്നത്. തെക്കുംകര പഞ്ചായത്തിലെ കരുമത്ര രണ്ടാം വാർഡിലെ 42-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ അൽപനേരം പണിമുടക്കി.