തൃശൂർ: തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ബി.ജെ.പി വോട്ടുമറിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ആരോപിച്ചു. കണ്ണൂരിലെ പുല്ലൂക്കരയിൽ നടന്നത് രാഷ്ട്രീയ കൊലപാതകം അല്ലെന്നാണ് മനസിലാക്കുന്നതെന്നും വിജയരാഘവൻ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വലിയ തോതിലുള്ള ത്രികോണ മത്സരം ഉദ്ദേശിച്ച അളവിൽ സംസ്ഥാനത്ത് രൂപപ്പെടുത്താൻ ബി.ജെ.പിക്കായില്ല. അവരുടെ നാമനിർദ്ദേശ പത്രികകൾ തള്ളിപ്പോകുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ തിരഞ്ഞെടുപ്പിനെ ബി.ജെ.പി ഗൗരവത്തോടെ കണ്ടില്ലെന്നതിന് ഉദാഹരണമാണ്. ചില മണ്ഡലങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അവർ.
ബാക്കിയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ വോട്ടുവിനിമയം നടത്തി. എങ്കിലും അതെല്ലാം മറികടന്ന് എൽ.ഡി.എഫ് ജയിക്കും. വിശ്വാസികൾ ഇടതുപക്ഷത്തോടൊപ്പം തന്നെ നിൽക്കും. വലിയ തോതിൽ സംഘർഷമുണ്ടാക്കാൻ ബി.ജെ.പിയും യു.ഡി.എഫും ശ്രമിച്ചു.
എൻ.എസ്.എസ് നേതൃത്വം ഇടതുപക്ഷവിരുദ്ധത വീണ്ടും കാണിക്കുകയാണ് ചെയ്തത്. സമദൂരത്തിൽ നിന്നുള്ള വ്യതിയാനമാണത്. രാഷ്ട്രീയമായി എൽ.ഡി.എഫിനെ എതിർക്കുന്നുവെന്ന് പ്രകടമാക്കുകയാണ് എൻ.എസ്.എസ് ചെയ്തത്. ആ സമുദായം അതൊന്നും സ്വീകരിക്കില്ലെന്ന് എൻ.എസ്.എസ് നേതൃത്വത്തിന് ബോദ്ധ്യപ്പെടുമെന്നും വിജയരാഘവൻ പറഞ്ഞു.