pooram

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടപടികൾ പൂർത്തിയായതോടെ രാഷ്ട്രീയ ചൂട് മറന്ന് പൂരത്തിന്റെ ഒരുക്കങ്ങളിൽ മുഴുകുകയാണ് തൃശൂരുകാർ. കൊവിഡിനെ തുടർന്ന് കഴിഞ്ഞവർഷം ചടങ്ങായ പൂരം ഇക്കുറി അവിസ്മരണീയമാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകളിലാണ് തട്ടകക്കാർ. ആനകൾക്കുള്ള ചമയം, നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം എന്നിവയുടെ നിർമ്മാണ പ്രവർത്തനം അണിയറയിൽ പുരോഗമിക്കുകയാണ്.

വെടിക്കെട്ടിന്റെ പ്രാഥമിക പ്രവർത്തനങ്ങളും സജീവമായി. പൂരത്തിന്റെ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളിലും ഘടക ക്ഷേത്രങ്ങളിലും ഒരുക്കങ്ങൾ ദ്രുതഗതിയിലായി. പൂരത്തിന് ഏതെല്ലാം ആനകൾ അണിനിരക്കണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പിന്നീടുണ്ടാകും. ജോയിന്റ് കമ്മിറ്റി യോഗം ചേർന്ന് ഫോറം ഉണ്ടാക്കുകയാണ് ആദ്യനടപടി. അതിന് ശേഷം വഴിപാടായി ലഭിക്കുന്ന ആനകളെ കൂടി ഉൾപ്പെടുത്തി ഫിറ്റ്‌നസ് പരിശോധനകൾക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. തെക്കെ ഗോപുര നട തള്ളിത്തുറക്കുന്ന ചടങ്ങിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനുണ്ടാകില്ല. പകരം കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാറായിരിക്കും. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പന്തൽ കാൽനാട്ടോടെയാണ് പൂരപ്രേമികളുടെ മനസിൽ പൂരം കൊടിയേറുന്നത്.

കുടമാറ്റത്തിന് 15 സെറ്റ്

പൂര ചടങ്ങുകളിൽ കുടമാറ്റത്തിന് ഇത്തവണ നിയന്ത്രണമുണ്ടാകാനാണ് സാദ്ധ്യത. കുടമാറ്റത്തിന് സാധാരണ 60 സെറ്റ് കുടകളാണ് ഒരുക്കാറ്. ഇത്തവണ പരമാവധി 10 മുതൽ 15 സെറ്റ് കുടകളേ ഉണ്ടാകൂ. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.

പൂരപ്രദർശനം 10 മുതൽ

പൂരം പ്രദർശനം ഏപ്രിൽ പത്ത് മുതൽ നടക്കും. ഉദ്ഘാടനം പത്തിന് വൈകിട്ട് മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിക്കും. പാറമേക്കാവിന് മുൻവശം തേക്കിൻകാട് മൈതാനത്ത് നടക്കുന്ന എക്‌സിബിഷനിൽ 130 സ്റ്റാളുകളാണുണ്ടാകുക.

പാറമേക്കാവിന്റെ പൂരം പന്തൽ കാൽനാട്ടൽ ഇന്ന് രാവിലെ പത്തിന് മണികണ്ഠനാൽ പരിസരത്ത് നടക്കും. മന്ത്രി വി.എസ് സുനിൽ കുമാർ, മറ്റ് പൗരപ്രമുഖർ എന്നിവർ പങ്കെടുക്കും. ആനകൾക്കുള്ള തലേക്കെട്ട്, കുട, ചമയങ്ങൾ, ആലവട്ടം, വെഞ്ചാമരം എന്നിവയുടെ നിർമ്മാണ ജോലികളെല്ലാം പുരോഗമിക്കുകയാണ്. വെടിക്കെട്ടിന്റെ പ്രാഥമിക പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.


ജി. രാജേഷ്

(സെക്രട്ടറി, പാറമേക്കാവ് ദേവസ്വം)

പൂരം ഒരുക്കങ്ങളെല്ലാം അണിയറയിൽ സജീവമാണ്. ആനചമയ പ്രവർത്തനങ്ങളാണ് പ്രധാനമായും നടന്നുവരുന്നത്. ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം, കുട നിർമ്മാണ ജോലികൾ നടന്നുവരുന്നു. നടുവിലാലിലും നായ്ക്കനാലിലും തിരുവമ്പാടിയുടെ പൂര പന്തലുകളൊരുക്കും. പൂരം അവിസ്മരണീയമാക്കാനുള്ള ജോലികളിൽ വ്യാപൃതരാണ് ദേവസ്വം.


എം. രവികുമാർ

(സെക്രട്ടറി, തിരുവമ്പാടി ദേവസ്വം)