polling-

തൃശൂർ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ ഓരോ മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം കുറയുകയും ഏഴ് ലക്ഷത്തിന് അടുത്ത് വോട്ടർമാർ വോട്ട് ചെയ്യാതിരിക്കുകയും ചെയ്തതോടെ, ജില്ലയിൽ വിധി നിർണ്ണയിക്കുക കന്നിവോട്ടർമാരും നിഷ്പക്ഷരും. ഏതാണ്ട് മുഴുവൻ കന്നി വോട്ടർമാരും ബൂത്തിലെത്തിയിട്ടുണ്ടെന്നാണ് മുന്നണി നേതാക്കൾ കരുതുന്നത്.

നിഷ്പക്ഷരായ വോട്ടർമാരും സമ്മതിദാനം മുടക്കാറില്ല. പ്രായം ചെന്നവരും രോഗാവസ്ഥയിലുള്ളവരുമായവരുടെ വോട്ടുകളാണ് നഷ്ടപ്പെട്ടത്. ഇവരിൽ പോസ്റ്റൽ വോട്ട് ചെയ്തവരുടെ എണ്ണം നിലവിലെ കണക്കിൽ ഉൾപ്പെട്ടിട്ടില്ല. പഴയവോട്ടുകൾ നഷ്ടപ്പെട്ടാൽ അത് ആരെ തുണയ്ക്കുമെന്നും വീഴ്ത്തുമെന്നും ചിന്തിച്ച് തലപുകയ്ക്കുകയാണ് നേതാക്കൾ.

അതേസമയം പോസ്റ്റൽ വോട്ട് കൂടി കണക്കിൽ ഉൾപ്പെട്ടാൽ രണ്ട് ശതമാനത്തോളം കുറവേ ഉണ്ടാവുകയുള്ളൂവെന്നാണ് അധികൃതരുടെ വിശദീകരണം. പോളിംഗ് കുറഞ്ഞാലും അടിയുറച്ച വോട്ടുകൾ കൃത്യമായി പോൾ ചെയ്യിക്കാനുള്ള സംഘടനാ ബലമുള്ള പാർട്ടികൾക്ക് മണ്ഡലങ്ങളിൽ മുൻതൂക്കം ലഭിച്ചേക്കും. പ്രത്യേകിച്ചും ത്രികോണ മത്സരം നടക്കുന്ന ഇടങ്ങളിൽ. ഇരിങ്ങാലക്കുടയിലും, വടക്കാഞ്ചേരിയിലും നേരിയ ഭൂരിപക്ഷത്തിനാണ് ഇരുമുന്നണികളും ജയിച്ചത്. തൃശൂർ, കുന്നംകുളം എന്നിവിടങ്ങളിൽ എൽ.ഡി.എഫിന് പതിനായിരത്തിൽ താഴെയാണ് ഭൂരിപക്ഷം ലഭിച്ചത്.

തങ്ങളുടെ വോട്ടുകൾ പെട്ടിയിലായെന്ന വിശ്വാസത്തിലാണ് മുന്നണികൾ. അതിനാൽ ജയപ്രതീക്ഷയിൽ കുറഞ്ഞൊന്നും മുന്നണികൾക്ക് ഇല്ല. ഇരട്ടവോട്ട് കാരണം പോളിംഗ് കുറഞ്ഞതാകാമെന്ന വിലയിരുത്തലും നടത്തുന്നുണ്ട്. കഴിഞ്ഞ തവണ 19.34 ലക്ഷത്തോളം പേർ ജില്ലയിൽ വോട്ടു ചെയ്തപ്പോൾ, നിലവിലെ കണക്ക് പ്രകാരം 19.26 ലക്ഷത്തിലേക്കാണ് കുറഞ്ഞത്. തൃശൂർ, ഗുരുവായൂർ മണ്ഡലങ്ങളിലൊഴികെ ബാക്കി 11 മണ്ഡലങ്ങളിലും 70 ശതമാനത്തിലേറെ പോളിംഗുണ്ട്. കടുത്ത ത്രികോണമത്സരം നടന്നിട്ടും തൃശൂരിൽ പോളിംഗ് കുറഞ്ഞതിൻ്റെ കാരണവും നേതാക്കൾ പരിശോധിക്കുന്നുണ്ട്.

പോളിംഗ് നില ഇങ്ങനെ

തിരക്ക് കുറഞ്ഞിട്ടും

മുൻകാലങ്ങളെ അപേക്ഷിച്ച് ബൂത്തുകളിൽ തിരക്ക് കുറവായിരുന്നു. രാവിലെ പത്തിന് ശേഷം മിക്ക ബൂത്തുകളിലും തിരക്കു കുറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ 1000ൽ കൂടുതൽ വോട്ടർമാരുള്ള ബൂത്തുകൾക്ക് ഓക്‌സിലറി ബൂത്ത് അനുവദിച്ചതും 80നു മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക തപാൽ ബാലറ്റ് അനുവദിച്ചതുമാണ് തിരക്കു കുറയാനിടയാക്കിയത്. വോട്ടിംഗ് യന്ത്രത്തിന് വലിയ തകരാറും ഉണ്ടായില്ല. അക്രമസംഭവങ്ങളും കുറവായിരുന്നു. എന്നിട്ടും പോളിംഗ് കുറഞ്ഞതിൻ്റെ കാരണമാണ് വ്യക്തമാകാത്തത്. സാധാരണ വോട്ടർ ഒരു മിനിറ്റിനുള്ളിൽ വോട്ട് ചെയ്ത് മടങ്ങും. എന്നാൽ പ്രായം ചെന്നവർക്ക് 5 മിനിറ്റ് വരെ സമയം ബൂത്തിൽ അനുവദിച്ചിരുന്നു. ഇത്തവണ ഭൂരിഭാഗം വൃദ്ധരും വീട്ടിൽ തന്നെ വോട്ട് ചെയ്തിട്ടുണ്ട്. ആയിരത്തിൽ താഴെ വോട്ടർമാരുള്ള ബൂത്തുകളിൽ മാത്രമായിരുന്നു തിരക്ക്.