തൃശൂർ: വോട്ടർ പട്ടിക പുതുക്കാനും വോട്ടെടുപ്പ് ദിവസത്തിലെ പ്രവർത്തനങ്ങൾക്കും അടക്കം സർക്കാർ നിയോഗിച്ച ബി.എൽ.ഒമാർക്ക് (ബൂത്ത് ലെവൽ ഓഫീസർ) ശമ്പളം കിട്ടുന്നില്ലെന്ന് പരാതി. കഴിഞ്ഞ സെപ്തംബറിൽ കുടിശികയിനത്തിൽ 17 കോടി തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചെങ്കിലും പണം ബി.എൽ.ഒമാർക്ക് ലഭിച്ചിട്ടില്ലെന്ന് പറയുന്നു. അങ്കണവാടി അദ്ധ്യാപികമാരും സർവീസിൽ നിന്നും വിരമിച്ചവരുമൊക്കെയാണ് ബി.എൽ.ഒമാരായി ജോലി ചെയ്യുന്നത്.
2017-2018ൽ മനുഷ്യാവകാശ കമ്മിഷൻ്റെ ഇടപെടലിനെ തുടർന്നാണ് ബി.എൽ.ഒമാർക്ക് അലവൻസ് ലഭിച്ചത്. സർക്കാർ ജീവനക്കാരായി അംഗീകരിക്കാത്തതിനാൽ ബി.എൽ.ഒമാരുടെ വേതനം ഉയർത്തുന്നത് മാത്രം പരിഗണിക്കാറില്ല. വർഷങ്ങളായിട്ടും വേതനം പുതുക്കിയിട്ടില്ലെന്നാണ് ബി.എൽ.ഒമാർ ആരോപിക്കുന്നത്.
വോട്ടറുടെ വിവരങ്ങൾ പരിശോധിക്കുക, വോട്ടേഴ്‌സ് സ്ലിപ്പ് നൽകൽ, മരിച്ചവരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കൽ, അടിയന്തര സാഹചര്യം പരിഗണിച്ചുള്ള നിർദേശം നൽകൽ, വോട്ടെടുപ്പ് ദിവസം പോളിംഗ് പൂർത്തിയാവുന്ന സമയം വരെയുളള പ്രവർത്തനങ്ങൾ എന്നിവയെല്ലാം ബി.എൽ.ഒമാരുടെ ചുമതലകളാണ്. മറ്റ് ജീവനക്കാർക്ക് വോട്ടെടുപ്പ് ദിനത്തിൽ ഭക്ഷണവുമെത്തിച്ചപ്പോൾ ഇവർക്ക് കുടിവെള്ളം പോലും അനുവദിച്ചില്ലെന്നും പറയുന്നു.