തൃപ്രയാർ: തളിക്കുളം പഞ്ചായത്തിൽ സാന്ത്വന സ്പർശം പദ്ധതി പ്രകാരം ആട്ടിൻ കൂടും കോഴിക്കൂടും തൊഴുത്തും നിർമിച്ച നിരവധി പേർക്ക് ഒരു വർഷമായിട്ടും ധനസഹായം ലഭിച്ചില്ലെന്ന് പരാതി. തൊഴുത്ത് നിർമിക്കാൻ ഒരു ലക്ഷവും ആട്ടിൻ കൂട് നിർമാണത്തിന് 70,000 രൂപയുമാണ് സഹായം പ്രഖ്യാപിച്ചിരുന്നത്.

മൃഗപരിപാലനവും അതിലൂടെ വരുമാനവും ലക്ഷ്യം വെച്ചാണ് ഗുണഭോക്താക്കൾക്ക് സഹായം നൽകുന്നത്. പഞ്ചായത്തിൽ നിന്ന് നിർദ്ദേശം വന്നതോടെ ഗുണഭോക്താക്കൾ നിർമാണം നടത്തി. എന്നാൽ ധനസഹായം ലഭിക്കാൻ പലവട്ടം പഞ്ചായത്തിൽ കയറിയിറങ്ങിയിട്ടും സഹായം കിട്ടിയില്ല. 22 പേരാണ് പരാതിക്കാർ. അപേക്ഷ സോഫ്റ്റ് വെയറിൽ കയറ്റാതിരുന്നതിനാലാണ് സഹായം കിട്ടാതെ വന്നതെന്ന് പറയുന്നു. സഹായം കിട്ടാതെ വന്ന തളിക്കുളം പറപറമ്പിൽ നന്ദകുമാറിന്റെ ഭാര്യ ബേബി മുഖ്യമന്ത്രിക്ക് പരാതി നൽകി. അതേ സമയം സെക്വർ സോഫ്റ്റ് വെയറിൽ എസ്റ്റിമേറ്റ് ടെക്‌നിക്കൽ അനുമതി ലഭിച്ചാൽ മാത്രമാണ് മസ്റ്റർ റോൾ റിക്വസ്റ്റ് നൽകി പ്രവർത്തി ആരംഭിക്കാൻ കഴിയൂവെന്നും അതിന് മുമ്പ് പണി നടത്തിയതാണ് സഹായം കിട്ടാൻ തടസമായതെന്നുമാണ് പഞ്ചായത്ത് അധികൃതർ നൽകിയ മറുപടി.