കൊടുങ്ങല്ലൂർ: ആളൊഴിഞ്ഞ പറമ്പിലെ പുല്ലിന് തീ പടർന്ന് പിടിച്ചത് പരിഭ്രാന്തിയുണ്ടാക്കി. മേത്തല അഞ്ചപ്പാലം കടുക്കചുവട് വായനശാല പരിസരത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം. തീ പടർന്ന് പിടിച്ചതോടെ പ്രദേശം കനത്ത പുകയിൽ മൂടി. എടതിരുത്തി പോക്കാക്കില്ലത്ത് അയ്യൂബ് എന്നയാളുടെ 5.5 ഏക്കർ ഭൂമിയിലെ പുല്ലിനാണ് തീപിടിച്ചത്. ഈ സ്ഥലത്തിന്റെ സമീപം ജനവാസ കേന്ദ്രമാണ്. തീ പടർന്ന് പിടച്ചതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കൊടുങ്ങല്ലൂർ ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് അര മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് സുധന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ പി.ബി സുനി, കെ.എസ് മനോജ്, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ എം.പി ശ്യാംകുമാർ, പി.ജെ സുജിത്ത്, കെ.സി ദിലീപ്, സുജിത്ത് തോമസ്, അരുൺദാസ്, കെ.വി വിപീഷ് എന്നിവർ ചേർന്നാണ് തീയണച്ചത്.