aarattu

ചാലക്കുടി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴിഞ്ഞ വർഷം മുടങ്ങിപ്പോയ ആറാട്ട് ചാലക്കുടിയിൽ ചടങ്ങുകൾ മാത്രമായി നടന്നു. കൂടപ്പുഴ കടവിലായിരുന്നു കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള ആറാട്ടുമുങ്ങൽ. ക്ഷേത്രം തന്ത്രി നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കുളിക്കടവിൽ മൂന്നുവട്ടം പ്രത്യേക പൂജകൾ നടത്തി.

ഭഗവാന്റെ തിടമ്പുമായി മൂന്നുവട്ടം പ്രജകൾ ആറാടി. മൂന്നാമത്തെ ആറാട്ടിൽ ആർപ്പുവിളികളുമായി നൂറോളം ഭക്തരും മുങ്ങി. തുടർന്നുള്ള കഞ്ഞിവിതരണം ഇക്കുറി ക്ഷേത്രത്തിൽ നിന്നെത്തിയവർക്ക് മാത്രമായി ചുരുക്കി. മൂന്നു ആനകളുമായാണ് ഇരിങ്ങാലക്കുടയിൽ നിന്നും സംഗമേശൻ ആറാട്ടിനെത്തിയത്. കാൽനടയായി ഭക്തജനങ്ങളും അകമ്പടി സേവിച്ചു.

വാളും പരിചയുമേന്തി പരിചാരകരും നിറത്തോക്കുമായി പൊലീസുകാരും ആചാര പ്രകാരം ആറാട്ടു സംഘത്തിന്റെ മുൻനിരയിലുണ്ടായി ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ സന്നിഹിതനായിരുന്നു. ബി.ഡി. ദേവസി എം.എൽ.എ, നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ തുടങ്ങിയവരും സംബന്ധിച്ചു. കൊവിഡ് ഭീഷണിയിൽ കഴിഞ്ഞ വർഷത്തെ ക്ഷേത്രോത്സവും ആറാട്ടു മുടങ്ങിയിരുന്നു.

എന്നാൽ ഈ വർഷത്തെ ഉത്സവത്തിന് മുന്നോടിയായി മുടങ്ങിപ്പോയ ചടങ്ങുകൾ നടത്തണമെന്ന വിധിപ്രകാരമായിരുന്നു ആറാട്ടു ചടങ്ങുകൾ സംഘടിപ്പിച്ചത്.