1

വടക്കാഞ്ചേരി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഴാനിയിൽ 50 ലക്ഷം രൂപ ചെലവിൽ പുതുതായി നിർമ്മിച്ച ലൈബ്രറി കം കൾച്ചറൽ സെന്റർ സാമൂഹിക വിരുദ്ധരുടെ താവളമായി മാറി. 2009 - 10 സാമ്പത്തിക വർഷത്തിൽ വടക്കാഞ്ചേരി മുൻ എം.എൽ.എയായിരുന്ന എ.സി മൊയ്തീന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 44.80 ലക്ഷം രൂപ ചെലവഴിച്ച് ഡാമിനോടു ചേർന്ന് നിർമ്മിച്ച ഭീമൻ കെട്ടിടമാണ് പൊന്തക്കാട് കയറിയതിനെ തുടർന്ന് സാമൂഹികവിരുദ്ധർ താവളമാക്കി മാറ്റിയിരിക്കുന്നത്.

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് മന്ത്രിയായിരുന്ന സി.എൻ ബാലകൃഷ്ണൻ കെട്ടിടത്തിൽ വൈദ്യുതീകരണത്തിനായി നാല് ലക്ഷം രൂപ അനുവദിക്കുകയും കെട്ടിടത്തിലെ വൈദ്യുതീകരണം പൂർത്തീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് യാതൊരു നിർമ്മാണ പ്രവൃത്തിയും കെട്ടിടത്തിൽ നടത്തിയില്ല. എന്നാൽ ഇപ്പോൾ കെട്ടിടം ഇറിഗേഷന്റെ അധീനതയിലായതിനാൽ തെക്കുംകര പഞ്ചായത്തിന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. നിർമ്മാണം പൂർത്തീകരിച്ച് 12 വർഷം പിന്നിടുന്ന കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്ന നിലയിലാണ്. സെന്റർ ഉടൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ പ്രതിഷേധ സമരം നടത്തിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. കെട്ടിടം ഇപ്പോൾ സാമൂഹിക വിരുദ്ധരുടെയും ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയെന്നും സമീപവാസികൾ പറഞ്ഞു.