palaka

ചാലക്കുടി: നിരപ്പലകകൾ എന്നാൽ എന്ത് ?. പതിറ്റാണ്ടുകൾക്ക് ശേഷം കുട്ടികളുടെ പാഠപുസ്തകത്തിൽ ഇത്തരം ചോദ്യമുണ്ടായേക്കാം. കാരണം ഇവയും കാലപ്പഴക്കത്തിലേക്ക് നിരങ്ങി നീങ്ങുകയാണ്. ആധുനിക സംവിധാനങ്ങളുടെ കടന്നു വരവോടെ നാടുനീങ്ങുന്ന കടകളിലെ നിരപ്പലകകളെക്കുറിച്ച് ആരും വേവലാതി കൊള്ളുന്നില്ല. ഇവയുടെ സ്ഥാനം കൈയടക്കിയ ഷട്ടറുകളിൽ ആശ്വാസം കൊള്ളുകയാണ് കടയുടമകൾ.

ഒരു കാലത്ത് നാടിന്റെ സ്പന്ദനമായിരുന്നു കടകളിലെ നിരപ്പലകകൾ. രാവിലെയെത്തുന്ന കച്ചവടക്കാർ കമ്പി ദണ്ഡുകൾ മാറ്റി നിരപ്പലകകൾ ക്രമത്തിൽ അടക്കി വയ്ക്കുന്നത് വലിയ ശുഭപ്രതീക്ഷയോടെയായിരുന്നു. ഏറെ പണിപ്പെട്ടായിരുന്നെങ്കിലും ഈ പ്രവൃത്തികൾ അവർക്ക് നൽകിയിരുന്നത് പുതിയ ഊർജ്ജമായിരുന്നു. കടകളുടെ ഇരുഭാഗങ്ങളിലും പലകകൾ അടുക്കി വയ്ക്കുമ്പോഴേക്കും സാധനങ്ങൾ വാങ്ങാനും സൊറ പറയാനുമായി ആളുകൾ എത്തുമായിരുന്നു. മാവിൻ പലകയാണ് പ്രധാനമായും ഇതിന് ഉപയോഗിച്ചിരുന്നത്. മിടുക്കന്മാരായ ആശാരിപണിക്കാരുടെ കരവിരുതായിരുന്നു കടകളുടെ അടച്ചുറപ്പിന്റെ ആവരണം. ക്രമം തെറ്റിയാൽ പലകകൾ എടുക്കുന്നതിനും തിരിച്ചു വയ്ക്കുന്നതിനും പെടാപാട് പെടും.

ഉറപ്പിന്റെ കാര്യത്തിൽ നമ്പർ വണ്ണായിരുന്നു നിരപ്പലകൾ. ഇവനെ കുത്തിത്തുറന്നുള്ള മോഷണവും കുറവായിരുന്നു. ഒരു നൂറ്റാണ്ട് മുമ്പാണ് ഇവ സാധാരണമാകുന്നത്. ഏറെക്കാലം വ്യാപാരികളുടെ ഉറപ്പും ഉറ്റ മിത്രവുമായിരുന്ന നിരപ്പലകകളുടെ നിലനിൽപ്പിന് ഭീഷണിയുയർത്തിയത് ഇരുമ്പ് ഷട്ടറുകളായിരുന്നു. ആധുനികതയും സൗകര്യവും വാഗ്ദാനം ചെയ്ത് വലിയ സ്ഥാപനങ്ങളിൽ ഇവ സ്ഥാനം പിടിച്ചതോടെ ഷട്ടറുകൾ സർവ്വസാധാരണമായി. പഴമയുടെ ശേഷിപ്പുമായി ചാലക്കുടിയിൽ നിരപ്പലക നിലനിൽക്കുന്നത് മാർക്കറ്റ് റോഡിലെ ആലേങ്ങാട്ടുകാരൻ കൊച്ചാപ്പുവിന്റെ കടയിലാണ്. മകൻ റോയിയും സഹോദരങ്ങളുമാണ് ഇപ്പോഴത്തെ നടത്തിപ്പുകാർ. മാസങ്ങൾക്കകം ഈ വാടക കെട്ടിടവും പൊളിച്ചുമാറ്റും. പഴഞ്ചൻ രീതിയൊക്കെ മാറ്റാറായില്ലേയെന്ന ആളുകളുടെ ചോദ്യത്തെ അവണിക്കുമ്പോൾ പഴമയുടെ സുഖം മനസിലുണ്ടെന്ന് റോയി പറയുന്നു.