കയ്പമംഗലം: തിരഞ്ഞെെടുപ്പ് ആരവങ്ങളെല്ലാം കഴിഞ്ഞെങ്കിലും സാന്നിദ്ധ്യമറിയിച്ച് സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ. എൽ.ഡി.എഫ് സ്ഥാനാർത്ഥിയും എം.എൽ.എയുമായ ഇ.ടി ടൈസൺ മാസ്റ്റർ പതിവ് പോലെ മണ്ഡലത്തിൽ സജീവമായി. പോകാൻ കഴിയാതിരുന്ന മരണ വീടുകളും കല്ല്യാണ വീടുകളും സന്ദർശിച്ചും പ്രവർത്തകർക്കുംവോട്ടു ചെയ്തവർക്കും നന്ദി പറഞ്ഞും സജീവമായി.
ഇതിനിടയിൽ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂന്നുപീടികയിൽ ഏവരേയും ആവേശത്തിലാക്കി തീപ്പൊരി പ്രസംഗം നടത്തിയ നാലാം ക്ലാസ്സുകാരി ആയിശക്ക് സമ്മാനമായി കേക്കും മിഠായുമായി വീട്ടിലെത്തി. ആയിശയുടെ പിതാവ് ഷുക്കൂർ ടൈസൺ മാസ്റ്ററുമായി സന്തോഷം പങ്കിട്ടു. മണ്ഡലത്തിന്റെ വോട്ടിംഗ് ശതമാനവും എൽ.ഡി.എഫിന്റെ കണക്ക് കൂട്ടലുകളിലും ഏറെ പ്രതീക്ഷയുണ്ടെന്നും ഇവിടത്തെ ജനങ്ങൾ നമ്മളെ നിരാശപ്പെടുത്തില്ലായെന്നും ഇ.ടി ടൈസൺ മാസ്റ്റർ പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർത്ഥി ശോഭ സുബിൻ രാവിലെ തന്നെ താനും കുറച്ചു സുഹൃത്തുക്കളും കഴിമ്പ്രത്ത് നടത്തുന്ന തക്കാളി, പടവലം തുടങ്ങി കൃഷിയിടത്തിൽ പോയി പരിചരണങ്ങളും മറ്റു കാര്യങ്ങളൊക്കെ നോക്കി. പിന്നീട് കാരയിലും മറ്റും ചില മരണവീടുകളും സന്ദർശിച്ചു. ഇതിനിടയിൽ കയ്പമംഗലത്ത് ദേശീയപാതയിൽ നിന്നു കളഞ്ഞു കിട്ടിയ കുറെ നോട്ടുകൾ ശ്രദ്ധയിൽ പെട്ടപ്പോൾ അതിന്റെ ഉടമസ്ഥനെ കണ്ടെത്താൻ തന്റെ സ്ഥിരം ലൈവ് സോഷ്യൽ മീഡിയയിലൂടെ വന്ന് വിവരണം നൽകിയും യഥാർത്ഥ ഉടമസ്ഥനെ കണ്ടത്താനുള്ള പ്രവർത്തനത്തിലും ഏർപെട്ടു. തുടർന്ന് പാർട്ടി അവലോകന യോഗങ്ങളിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പു ദിവസം ചെന്ത്രാപ്പിന്നിയിൽ ഉണ്ടായ തർക്കത്തിൽ പെട്ട് ആശുപത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ സന്ദർശിച്ചു. വോട്ടെടുപ്പിൽ ജനങ്ങളെ നല്ല വിശ്വാസമുണ്ടെന്നും മണ്ഡലത്തിൽ നിന്ന് മികച്ച വിജയം നേടുമെന്നും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി സി.ഡി ശ്രീലാൽ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചും ചില മരണ വീടുകളിൽ പോയും പാർട്ടി പ്രവർത്തകരോടു നന്ദിപറഞ്ഞു. നേതാക്കൻമാരുമായും അവലോകനം നടത്തി. എസ്.എൻ പുരത്ത് തിരഞ്ഞെടുപ്പുമായുണ്ടായ സംഘർഷങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിക്കുകയും പ്രവർത്തകരെ കാണുകയും ചെയ്തു. വോട്ടിംഗ് ശതമാനത്തിൽ വിജയ പ്രതീക്ഷയുണ്ടെന്നും സി.ഡി. ശ്രീലാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.