തൃശൂർ : ജില്ലയിൽ വോട്ടിംഗ് ശതമാനം 2016 നേക്കാൾ കുറഞ്ഞതിന്റെ ഗുണം ആർക്കെന്നതാണ് മുഖ്യചർച്ചാ വിഷയം. ഒറ്റ മണ്ഡലത്തിൽ പോലും വോട്ടിംഗ് കഴിഞ്ഞ തവണത്തേക്കാൾ ഉയർന്നില്ല. കൂടുതൽ വോട്ട് രേഖപ്പെടുത്തിയ കയ്പ്പമംഗലം മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ മൂന്നു ശതമാനം വോട്ട് കുറഞ്ഞു. വടക്കാഞ്ചേരിയിൽ കഴിഞ്ഞ തവണത്തേക്കാൾ നാലു ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ശക്തമായ പ്രചാരണം നടന്നിരുന്ന മണലൂർ, കൊടുങ്ങല്ലൂർ, നാട്ടിക, കുന്നംകുളം, പുതുക്കാട് മണ്ഡലത്തിലും വോട്ടിംഗ് ശതമാനം കുറഞ്ഞു.
അമ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയിൽ വോട്ട് നേടിയാൽ ജയിക്കാമെന്നതാണ് പോൾ ചെയ്ത വോട്ടിംഗ് നില പരിശോധിച്ചാൽ വ്യക്തമാകുന്നത്. വോട്ടിന്റെ കുറവ് തങ്ങൾക്ക് അനുകൂലമാകുമെന്ന് യു.ഡി.എഫ് പറയുമ്പോൾ തങ്ങളുടെ പാർട്ടി വോട്ടുകൾ പൂർണ്ണമായും ചെയ്തിട്ടുണ്ടെന്നും ഭൂരിപക്ഷം വർദ്ധിക്കുമെന്നും ഇടതുപക്ഷവും അവകാശപ്പെടുന്നു. എൻ.ഡി.എയും അട്ടിമറി വിജയം പ്രതീക്ഷിക്കുന്നുണ്ട്.
ഗുരുവായൂരും തൃശൂരും പിറകിലേക്ക്
കുറവ് വോട്ട് രേഖപ്പെടുത്തിയ രണ്ട് മണ്ഡലങ്ങളാണ് തൃശൂരും ഗുരുവായൂരും. എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ ഗുരുവായൂരിൽ 68.46 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ബി.ജെ.പി ഇവിടെ എസ്.ഡി.ജെ.പി പാർട്ടി ദിലീപ് നായരെയാണ് പിന്തുണച്ചത്. ഇവിടെ ബി.ജെ.പി വോട്ടുകൾ ഏവിടേക്ക് മറിഞ്ഞുവെന്നത് നിർണ്ണായക ഘടകമാകും. പാർട്ടി വോട്ടുകൾ ഭിന്നിക്കാതെ പാർട്ടി പിന്തുണച്ച സ്ഥാനാർത്ഥിക്ക് തന്നെ വീണിട്ടുണ്ടെങ്കിൽ ഇവിടെ മത്സരഫലം നിർണ്ണായകമാകും. മത്സരം ഫോട്ടോ ഫിനിഷിലേക്കെന്ന് എല്ലാവരും പറയുന്ന തൃശൂരിൽ കഴിഞ്ഞ തവണ 73.29 ശതമാനം പോളിംഗ് ഉണ്ടായിരുന്നു. ഇത്തവണയത് 68.86 ആയി. സുരേഷ് ഗോപിയുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ഇവിടെ വോട്ടിംഗ് കുറഞ്ഞത് ആർക്ക് ഗുണകരമാകുമെന്നത് ഏറെ ചർച്ചാ വിഷയമായി. കഴിഞ്ഞ തവണ മന്ത്രി വി.എസ് സുനിൽകുമാർ ഏഴായിരത്തോളം വോട്ടുകൾക്കാണ് ജയിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ജയപരാജയങ്ങളെ കുറിച്ച് പ്രതികരിക്കാതെയാണ് മടങ്ങിയത്. ക്രൈസ്തവ വോട്ടുകൾ എവിടേക്ക് തിരിഞ്ഞുവെന്നതും നിർണ്ണായക ഘടകമായേക്കും.
കുന്നംകുളത്ത് അപരന്മാർ വഴി മുടക്കുമോ
മന്ത്രി എ.സി മൊയ്തീൻ മത്സരിക്കുന്ന കുന്നംകുളത്ത് അപരന്മാർ എൽ.ഡി.എഫിന്റെ വഴിമുടക്കുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. ഇവിടെ 1,51,531 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മൊയ്തീന് രണ്ട് അപരന്മാരാണ്. പതിനായിരത്തിൽ താഴെയായിരുന്നു ഇവിടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം.
നോട്ടയോട് എത്ര പേർക്ക് പ്രിയം
കഴിഞ്ഞ തവണ രണ്ട് മണ്ഡലങ്ങളിൽ നോട്ട നേടിയത് ആയിരത്തിലേറെ വോട്ടുകളാണ്. തൃശൂരും ഒല്ലൂരിലുമാണ് നോട്ടയ്ക്ക് കൂടുതലും വോട്ട് ലഭിച്ചത്. ചേലക്കരയിൽ 922 ഉം, മണലൂരിൽ 903 പേരും നോട്ടയെ വിശ്വാസം അർപ്പിച്ചു. ഇത്തവണ നോട്ട പല മണ്ഡലങ്ങളിലും നിർണായകമാകും.
ഇരിങ്ങാലക്കുടയിൽ ആര് കുടചൂടും
മുൻ ഡി.ജി.പി ജേക്കബ് തോമസ്, സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ആർ. ബിന്ദു, മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ എന്നിവർ മത്സരിച്ച ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ തവണത്തേക്കാൾ 2.8 ശതമാനം വോട്ടിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ തവണ എൽ.ഡി.എഫ്, യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തത്, രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുവിനെതിരെയും അപര ശല്യം ഉണ്ട്. ക്രൈസ്തവ വോട്ടും നിർണ്ണായകമാണ്.