election

തൃശൂർ: പോളിംഗ് ഉദ്യോഗസ്ഥർ വിശദാംശങ്ങൾ സമർപ്പിക്കാത്തതിനാലും 80 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും കൊവിഡ് ബാധിതർക്കുമായുള്ള തപാൽ വോട്ട് ഉൾപ്പെടുത്താത്തതിനാലും പോളിംഗ് ശതമാനം ഇനിയും ഉയർന്നേക്കും. വോട്ടെണ്ണൽ സമയത്താകും പൂർണ്ണമായ പോളിംഗ് ശതമാനം ലഭ്യമാകുക.

പുതിയ മാർഗനിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ മുൻകാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് അന്തിമ കണക്ക് കൂടും. അതുകൊണ്ടു തന്നെ ഇപ്പോഴുളള നിഗമനവും പ്രവചനവുമെല്ലാം മാറിമറിയുമോ എന്ന ചിന്തയിലാണ് മുന്നണി നേതൃത്വം. മൂന്ന് മുന്നണികളും പോളിംഗ് കുറഞ്ഞാലും കൂടിയാലും വിജയം നേടുമെന്ന് ആവർത്തിക്കുമ്പോഴും പാർട്ടികൾക്കും മുന്നണികൾക്കുമുള്ളിൽ പല മണ്ഡലങ്ങളെ സംബന്ധിച്ചും അവ്യക്തത തുടരുകയാണ്. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരുടെ വോട്ടും ഇപ്പോഴത്തെ മൊത്തം കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. സർവീസ് വോട്ടുകൾ വേറെയുമുണ്ട്. അവശ്യ സർവീസ് വോട്ടുകൾ കൂടി ഉൾപ്പെടുത്തണം. അങ്ങനെ വരുമ്പോൾ പോളിംഗ് ഒരു ശതമാനത്തിലേറെ കൂടുമെന്നാണ് നിഗമനം.

അപ്രവചനീയം ആറ് മണ്ഡലങ്ങൾ

പുതുക്കാട്, നാട്ടിക, കയ്പമംഗലം, ചേലക്കര എന്നീ മണ്ഡലങ്ങളാണ് ഇടതുമുന്നണി വലിയ പ്രതീക്ഷ പുലർത്തുന്നത്. തൃശൂർ, ഗുരുവായൂർ, ചാലക്കുടി മണ്ഡലങ്ങളിൽ യു.ഡി.എഫും മേൽക്കൈ പ്രതീക്ഷിക്കുന്നു. ശേഷിക്കുന്ന ആറ് മണ്ഡലങ്ങളെക്കുറിച്ച് മുന്നണികൾക്ക് കൃത്യമായ പ്രവചനം നടത്താനാവുന്നില്ല. തൃശൂർ, മണലൂർ, പുതുക്കാട്, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ പ്രവചനങ്ങൾക്കപ്പുറം വൻ മുന്നേറ്റമുണ്ടാകുമെന്ന് എൻ.ഡി.എ പ്രത്യാശ പുലർത്തുന്നു. വടക്കാഞ്ചേരിയിൽ തന്നെയാണ് രണ്ട് മുന്നണികളുടേയും അഭിമാനപ്പോരാട്ടം. സീറ്റ് നിലനിറുത്തുമെന്ന് യു.ഡി.എഫ് വിശ്വസിക്കുമ്പോൾ പിടിച്ചെടുക്കുമെന്ന പ്രതീക്ഷയാണ് പോളിംഗിന് ശേഷവും ഇടതുമുന്നണി പുലർത്തുന്നത്.

പോളിംഗ് 73.76 %

ജില്ലയിൽ 73.76 ശതമാനമാണ് ആകെ പോളിംഗ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ നാല് ശതമാനം കുറവാണ്. കയ്പമംഗലത്താണ് കൂടുതൽ, 76.91 ശതമാനം. കുറവ് ഗുരുവായൂരിലും 68.46. രണ്ടാം സ്ഥാനത്തുള്ള തൃശൂരിൽ 68.86 ആണ്. തൃശൂരിൽ 4.96 ശതമാനം കുറഞ്ഞതിൻ്റെ കാരണം വ്യക്തമല്ല. ഗുരുവായൂരിൽ 4.72 ശതമാനം കുറഞ്ഞത് ബി.ജെ.പി സ്ഥാനാർത്ഥിയുടെ പത്രിക തളളിപ്പോയതാകാമെന്നാണ് മറ്റ് രണ്ടു മുന്നണികളും കരുതുന്നത്.

കാവൽ ശക്തം

വോട്ടെടുപ്പ് കഴിഞ്ഞ് സ്‌ട്രോംഗ് റൂമിലെത്തിച്ച വോട്ടിംഗ് യന്ത്രങ്ങൾക്ക് കേന്ദ്രസേനയും പൊലീസും ചേർന്നാണ് രാമവർമപുരം ഗവ. എൻജിനീയറിംഗ് കോളേജിൽ സുരക്ഷ ഒരുക്കുന്നത്. തൃശൂർ, ഒല്ലൂർ, വടക്കാഞ്ചേരി, നാട്ടിക എന്നീ നാല് നിയോജക മണ്ഡലങ്ങളിലെ യന്ത്രങ്ങൾ ഇവിടെയുണ്ട്. മേയ് 2 ന് വോട്ടെണ്ണുന്നത് വരെ കാവൽ തുടരും.