തൃശൂർ: തൃശൂർ - പാലക്കാട് ദേശീയപാതയിൽ കുതിരാനിലെ തുരങ്കങ്ങളിലൊന്നിൻ്റെ നിർമ്മാണം ഈ മാസം പൂർത്തിയാക്കി അടുത്തമാസം വാഹന ഗതാഗതം ആരംഭിക്കാനാകുമോ?. വർഷങ്ങളായുള്ള ഈ ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല. പുകയും പൊടിയും പുറത്തേയ്ക്ക് തള്ളാൻ എക്സ്ഹോസ്റ്റർ ഫാനുകൾ ഘടിപ്പിച്ചിട്ടില്ല.
തുരങ്കങ്ങൾക്കിടയിലുള്ള ഇടനാഴിയും ഉണ്ടാക്കിയിട്ടില്ല. പടിഞ്ഞാറേ തുരങ്കമുഖത്തിന് മുൻവശത്തെ പാറക്കെട്ടുകൾ നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുന്നുണ്ടെങ്കിലും അത് മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനാവുമെന്ന് ഉറപ്പില്ല. കൺട്രോൾ സ്റ്റേഷൻ നിർമ്മാണവും പൂർത്തിയായിട്ടില്ല. മഴ പെയ്താൽ മണ്ണിടിച്ചിൽ ശക്തമാകും. ഇത് തടയാനുള്ള ഡ്രെയ്നേജും പണിതിട്ടില്ല. വേനൽമഴയുടെ ആഘാതം തടുക്കാനുള്ള സുരക്ഷ പോലുമില്ലെന്നും പറയുന്നു. രണ്ട് മാസത്തിനുള്ളിൽ കാലവർഷം ശക്തിപ്പെട്ടാൽ വീണ്ടും കാര്യങ്ങൾ കുഴപ്പത്തിലാകും. പരിശോധനയിൽ പിഴവുകൾ കണ്ടെത്തിയാൽ അത് പരിഹരിച്ച ശേഷമേ തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കാനാവൂ എന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനവും സാമ്പത്തിക പ്രതിസന്ധികളും നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്കയും ഒഴിഞ്ഞിട്ടില്ല.
അതേസമയം, ചില പണികൾ ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. തുരങ്കത്തിനുള്ളിൽ വൈദ്യുതി കണക്‌ഷൻ ഉടൻ ലഭിച്ചേക്കും. വൈദ്യുതി ലഭിച്ചില്ലെങ്കിലും ഗതാഗത സൗകര്യമൊരുക്കുന്നതിന് ജനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ഗുഹാമുഖത്തിന് മുകൾ വശത്ത് ബാക്കിയുള്ള മണ്ണു നീക്കം ചെയ്ത് കോൺക്രീറ്റിംഗ് ജോലി തുടങ്ങിയിട്ടുണ്ട്.
തൃശൂർ ഭാഗത്തെ തുരങ്കമുഖത്തിന്റെ മുകളിലെ മണ്ണ് നീക്കം ചെയ്യുന്നുമുണ്ട്. ഒരു തുരങ്കത്തിൽ നടക്കുന്ന വിദഗ്ദ്ധ പരിശോധനയുടെ സ്വഭാവം, അത് എന്നേക്ക് പൂർത്തിയാകും എന്നിവ ദേശീയപാത അതോറിറ്റി അറിയിക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുരങ്കത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിൽ ഇതുവരെ എന്തൊക്കെ ജോലി നടന്നെന്നും വ്യക്തമാക്കി വിശദീകരണ പത്രിക നൽകാനാണ് ജസ്റ്റിസ് പി.വി. ആശ നിർദേശിച്ചിട്ടുള്ളത്. തുരങ്കം തുറക്കുമെന്ന് നിരവധി തവണ കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പുകളെല്ലാം പാഴായതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പാതയിൽ അറ്റകുറ്റപ്പണികൾ അപൂർണ്ണം
ദേശീയപാതയിൽ മണ്ണുത്തി മുതൽ വാണിയമ്പാറ വരെ അറുപതോളം കുഴികൾ അടച്ചിട്ടുണ്ട്. എന്നാൽ പൂർണമായി ടാറിംഗ് നടത്തിയിട്ടില്ല. അനുവദിച്ച തുകയിൽ പകുതി പോലും ചെലവഴിച്ചില്ലെന്ന് ആക്ഷേപമുണ്ട്. വാണിയമ്പാറ, താണിപ്പാടം എന്നിവിടങ്ങളിലെ സർവീസ് റോഡിന്റെ അറ്റകുറ്റപ്പണിയും ബാക്കിയാണ്.