fire

തൃശൂർ: ഈ വിഷുവിനെങ്കിലും കഴിഞ്ഞ സീസണിലെ നഷ്ടം ചെറിയ തോതിലെങ്കിലും നികത്താമെന്ന പ്രതീക്ഷയിലാണ് പടക്ക കച്ചവടക്കാർ. ഒരു വർഷം ഏറ്റവും കൂടുതൽ പടക്കം വിൽക്കുന്നത് വിഷുക്കാലത്താണ്. ശിവകാശിയിൽ നിന്നാണ് ഭൂരിപക്ഷം പടക്കവുമെത്തുന്നത്.

വിഷു വിപണി ലക്ഷ്യമിട്ട് ഫെബ്രുവരി അവസാനത്തോടെ തന്നെ ഇത്തവണ ശിവകാശിയിൽ നിന്നും ജില്ലയിലേക്ക് പടക്കമെത്തിയിട്ടുണ്ട്. 18 ശതമാനം ജി.എസ്.ടി അടച്ചാണ് ശിവകാശിയിൽ നിന്ന് പടക്കം വാങ്ങുന്നത്. ലൈസൻസുള്ള 400 പടക്ക വിൽപന കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ആയിരത്തിലേറെ തൊഴിലാളികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ചെറിയ കച്ചവടക്കാർക്ക് പോലും ചുരുങ്ങിയത് രണ്ട് ലക്ഷം രൂപയുടെ പടക്കം കൈവശമുണ്ട്.

വിഷുക്കാലത്ത് കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കാറുണ്ടെന്നാണ് കണക്ക്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം പടക്ക കച്ചവടത്തിന് അനുമതിയുണ്ടായിരുന്നില്ല. ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. വാങ്ങിയ പടക്കങ്ങളിൽ ഭൂരിഭാഗവും കേടുവരികയും നിർമ്മാതാക്കൾ തിരിച്ചെടുക്കാതിരിക്കുകയും ചെയ്തതോടെ നഷ്ടം ഭീമമായി. കഴിഞ്ഞ സീസണിലെ നഷ്ടം ഇത്തവണയുണ്ടാകില്ലെന്ന വിശ്വാസമാണ് പടക്ക കച്ചവടക്കാർക്കുള്ളത്.

തേക്കിൻകാട് മൈതാനത്ത് തെക്കെ ഗോപുരനടയിൽ എല്ലാ വർഷവും നടത്താറുള്ള പടക്ക വിൽപ്പനയ്ക്ക് ഇത്തവണ കൊച്ചിൻ ദേവസ്വം ബോർഡ് അനുമതി തന്നിട്ടില്ല. 45 വർഷമായി തേക്കിൻകാട് മൈതാനിയിൽ ഏഴ് ദിനങ്ങളിലായാണ് പടക്ക വിൽപ്പന നടത്താറ്. കഴിഞ്ഞ തവണ കൊവിഡായതിനാൽ നടന്നില്ല. പുതിയ സാഹചര്യത്തിൽ പടക്ക വിൽപ്പന ചെറിയ തോതിൽ പാലക്കൽ അങ്ങാടിയിൽ നടത്തും. മത്താപ്പ്, കമ്പിത്തിരി, മേശപ്പൂവ്, തലച്ചക്രം തുടങ്ങിയ ഉൽപന്നങ്ങൾ മാത്രമേ ഉണ്ടാകൂ. കഴിഞ്ഞ വിഷു സീസണിൽ 30 ലക്ഷം രൂപയിലേറെയാണ് നഷ്ടമുണ്ടായത്.


രഘു ടി.വി

(പ്രസിഡന്റ്, ജില്ലാ ഫയർ വർക്‌സ് സഹകരണ സൊസൈറ്റി)

പടക്ക വിപണിയിൽ ഇപ്പോഴും പൂർണതോതിലുള്ള കച്ചവടം നടക്കുന്നില്ല. 40 ശതമാനം വിൽപ്പന മാത്രമേ നടക്കുന്നുള്ളൂ. ഇത്തവണ വിഷുവിനെ വ്യാപാരികൾ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. നിയന്ത്രണം കൂടുതലുള്ളതിനാൽ പടക്കങ്ങളിൽ വ്യത്യസ്ത ഐറ്റങ്ങൾ ഇത്തവണ വളരെ കുറവാണ്. വ്യത്യസ്ത ഐറ്റങ്ങൾ ദീപാവലിയോടെ വിപണിയിലെത്തുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.


വി. ഉണ്ണിക്കൃഷ്ണൻ

(ജില്ലാ പ്രസിഡന്റ്, ഫയർ വർക്‌സ് ഡീലേഴ്‌സ് അസോസിയേഷൻ)