തൃശൂർ:മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും വെറും മുപ്പതു സെക്കൻഡ് നീണ്ട തകർപ്പൻ 'റാസ്‌പുട്ടിൻ നൃത്ത'ത്തിലൂടെ ഇന്റർനെറ്റിന് തീപിടിപ്പിച്ച മിന്നൽപ്പിണറുകളായി.നാല് പതിറ്റാണ്ട് മുമ്പ് ലോകത്തിന്റെ ഹരമായി പടർന്ന 'റാ... റാ... റാസ്‌പുടിൻ, ലവർ ഓഫ് ദ റഷ്യൻ ക്വീൻ' എന്ന ബോണി എം സൂപ്പർ ഹിറ്റ് ഗാനത്തിന്റെ വരികൾക്കാണ് നവീനും ജാനകിയും ചടുല വേഗവും മനോഹര ഭാവങ്ങളും സമന്വയിച്ച നൃത്തഭാഷ്യം പകർന്നത്. ആ പാട്ടിൽ ഒരു വരിയുണ്ട് - ഫുൾ ഓഫ് എക്സ്റ്റസി ആൻഡ് ഫയർ...മുപ്പതു സെക്കൻഡിൽ ആ തീയും ആഹ്ലാദവും പകർന്ന അവർ യുവതയുടെ ഹരമായി. ഫുട് വർക്കും ഭാവങ്ങളും അനായാസ ചലനങ്ങളും മുതിർന്നവരുടെ വാത്സല്യക്കുട്ടികളാക്കി. അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും താരങ്ങളായി. സോഷ്യൽ മീഡിയ ഇവരെ ആഘോഷിക്കുകയാണ്. നവീന്റെ ഇൻസ്റ്റഗ്രാം റീൽസിൽ 50 ലക്ഷം പ്ളേ. ജാനകിയുടെ യൂട്യൂബ് ചാനലിലും വീഡിയോ വൈറൽ. മാദ്ധ്യമങ്ങൾ ഇന്റർവ്യൂവിന് പിന്നാലെ. ആരാധകരായി സെലിബ്രിറ്റികൾ, ലോകമെമ്പാടും നിന്ന് അഭിനന്ദനപ്രവാഹം...
തൃശൂർ മെഡിക്കൽ കോളേജിലെ നാലാം വർഷ എം.ബി. ബി. എസ് വിദ്യാർത്ഥിയാണ് നവീൻ കെ. റസാക്ക്. ജാനകി ഓംകുമാർ മൂന്നാം വർഷ വിദ്യാർത്ഥിനിയും. ഹൗസ് സർജൻസ് ക്വാർട്ടേഴ്‌സിന്റെ മുകൾ നിലയിലെ വരാന്തയാണ് ലൊക്കേഷൻ. ഡോക്ടർമാരുടെ യൂണിഫോം (സ്‌ക്രബ്സ്) തന്നെ ഇരുവർക്കും കൊസ്റ്റ്യൂം ആയി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ ഐ ഫോണിൽ ഷൂട്ട് ചെയ്തത് നവീനിന്റെ സഹപാഠി മുഷ്ത്താഖ് അലി. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം വൈറലായി.
മിന്നൽച്ചുവടുകൾ
മൈക്കൽ ജാക്‌സന്റെ ചുവടുകളുടെയും ശരീരചലനങ്ങളുടെയും മിന്നൽ വേഗമാണ് നവീനും ജാനകിയും ആവാഹിച്ചത്. കോളേജിലെ ഡാൻസ് ക്ളബിൽ സജീവമാണ് ഇരുവരും. മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. പരീക്ഷയുടെ സമ്മർദ്ദത്തിനിടയിലാണ് ഒഴിവ് സമയം നൃത്തത്തിലൂടെ ആഘോഷിച്ചത്.
നവീൻ വയനാട് മാനന്തവാടി സ്വദേശിയാണ്. ബിസിനസുകാരനായ റസാഖിന്റെയും ദിൽഷായുടെയും മകൻ. ഒരു സഹോദരനുണ്ട്. ജാനകി എം. ഓംകുമാർ തിരുവനന്തപുരം സ്വദേശിയാണ്. നൃത്തം പഠിച്ചിട്ടുണ്ട്. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ശാസ്‌ത്രജ്ഞൻ ഡോ. ഓംകുമാറിന്റെയും ഡോ. മായയുടെയും ഏക മകളാണ്
@ഗോൾഡൻ ബോണി എം
റഷ്യയിലെ അവസാനത്തെ സാർ ചക്രവർത്തിയുടെ അന്തപ്പുരത്തിൽ വിലസിയ റാസ്‌പുട്ടിന്റെ ദുരന്തം 1978ലാണ് ബോണി എം. സൂപ്പർ ഹിറ്റ് ഗാനമാക്കിയത്. അന്തരിച്ച ബോബി ഫാരലും മൂന്ന് ഗായികമാരും ചേർന്നാണ് ആ ഗാനം പാടിയത്. ഗൃഹാതുരത്വം ഉണർത്തുന്ന ആ ബോണി എം സുവർണ യുഗത്തിലേക്കാണ് ജാനകിയും നവീനും പുതിയ കാലത്തിന് വാതിൽ തുറക്കുന്നത്.
'' യൂണിഫോമിൽത്തന്നെ ഡാൻസ് ചെയ്തതും മെഡിക്കൽ കോളേജിലെ പശ്ചാത്തലവുമാണ് പെട്ടെന്ന് വൈറലാകാൻ കാരണമെന്ന് തോന്നുന്നു. ഇനിയും ഇതുപോലുളള അവതരണം പ്രതീക്ഷിക്കാം. ''
നവീൻ