തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ ബൂത്തുകളിൽ ഏർപ്പെടുത്തിയ കാമറ നിരീക്ഷണം വിജയകരമായത് അക്ഷയയുടെ കൂടി നേട്ടമാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശ പ്രകാരം ജില്ലയിലെ 1750 ബൂത്തുകളിൽ കാമറ നിരീക്ഷണം ഒരുക്കി. ബി.എസ്.എൻ.എൽ, കെൽട്രോൺ എന്നിവരുടെ സാങ്കേതിക സഹായത്തോടെയായിരുന്നു പദ്ധതി നടപ്പാക്കിയത്.
ഗ്രാമാന്തരങ്ങൾ തോറുമുള്ള ബി.എസ്.എൻ.എല്ലിന്റെ ഇന്റർനെറ്റ് ശൃംഖലയാണ് ഇതിനായി ഉപയോഗിച്ചത്. ശനിയാഴ്ച മുതൽ ജില്ലാ ആസ്ഥാനത്ത് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിരുന്നു. അക്ഷയയുടെ നേതൃത്വത്തിൽ 1,750 ബൂത്തുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ച്, പരിശീലനം നൽകി ബൂത്തുകളിലേക്കയച്ചു.
തിരഞ്ഞെടുപ്പിന് തലേദിവസം രാത്രി പത്തുവരെ ട്രയൽ റൺ, തിരഞ്ഞെടുപ്പിന് രാവിലെ അഞ്ചിന് പോളിംഗ് ബൂത്തുകളിൽ ലാപ്‌ടോപും വെബ് കാമറയും സജ്ജീകരിച്ചു. ബൂത്തുകളിൽ അതത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങളാണ് നിരീക്ഷണത്തിനുള്ള സജ്ജീകരണമൊരുക്കിയത്. കൺട്രോൾ റൂമിൽ 73 ടെക്‌നിക്കൽ അസിസ്റ്റന്റുമാരാണ് വോട്ടിംഗ് നിരീക്ഷിച്ചത്.
വോട്ട് ചെയ്തിറങ്ങുന്നത് വരെ പകർത്തി
വോട്ടർ വോട്ട് ചെയ്യാനെത്തുന്നത് മുതൽ വോട്ട് ചെയ്തിറങ്ങുന്നത് വരെയുള്ള ദൃശ്യങ്ങളാണ് വെബ്കാസ്റ്റിംഗ് വഴി നിരീക്ഷിച്ചത്. കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ കളക്ടറുടെ നേതൃത്വത്തിലായിരുന്നു നിരീക്ഷണം. കള്ളവോട്ട് ഉൾപ്പെടെ തടയുന്നതിനും ബൂത്തുകളിലെ പ്രശ്‌നങ്ങൾ നേരിട്ടറിഞ്ഞ് നിർദേശം നൽകുന്നതിനും വെബ്കാസ്റ്റിംഗ് ഉപകരിച്ചു. ഇരട്ടവോട്ട് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളുടെ സാഹചര്യത്തിൽ സംസ്ഥാനത്തെ 50 ശതമാനം പോളിംഗ് ബൂത്തുകളിൽ കാമറ നിരീക്ഷണം ഏർപ്പെടുത്താൻ കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്തെ പ്രശ്‌ന സാദ്ധ്യതാ ബൂത്തുകളിൽ മാത്രമായിരുന്നു നിരീക്ഷണം. ജില്ലാ ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് എ.ഐ. ജെയിംസ്, ഇ ഗവേണൻസ് മാനേജർ മെവിൻ വർഗീസ്, റവന്യൂ, ബി.എസ്.എൻ.എൽ, ഉദ്യോഗസ്ഥരും വെബ്കാസ്റ്റിംഗിന് നേതൃത്വം നൽകി.
പൂരം പന്തലിന് കാൽനാട്ടി
തൃശൂർ: തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗം സ്വരാജ് റൗണ്ടിൽ ഒരുക്കുന്ന പന്തലിന് കാൽനാട്ടി. മണികണ്ഠനാൽ പന്തലിന്റെ കാൽനാട്ട് രാവിലെ എട്ടരയ്ക്ക് ശേഷം ഭൂമി പൂജയ്ക്ക് ശേഷം നടന്നു. പാറമേക്കാവ് ക്ഷേത്രം മേൽശാന്തിയുടെ കാർമ്മികത്വത്തിലായിരുന്നു ഭൂമി പൂജാ ചടങ്ങുകൾ. എടപ്പാൾ നാദം ലൈറ്റ് ആൻഡ് സൗണ്ട് ബൈജുവാണ് പന്തൽ കരാർ ഏറ്റെടുത്തിരിക്കുന്നത്. മന്ത്രി വി.എസ് സുനിൽ കുമാർ പങ്കെടുത്തു. കൊവിഡ് മാനദണ്ഡം പാലിച്ച് പൊലിമ കുറയാതെ തന്നെ തൃശൂർ പൂരം എല്ലാ ചടങ്ങുകളോടെയും ആഘോഷിക്കുമെന്നും സർക്കാർ എല്ലാ സഹായവും നൽകുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം സെക്രട്ടറി ജി. രാജേഷ്, പ്രസിഡൻ്റ് കെ. സതീഷ് മേനോൻ തുടങ്ങി ദേവസ്വം ഭാരവാഹികളും തട്ടകവാസികളും പങ്കെടുത്തു. ഈ മാസം 23നാണ് പൂരം. കൊവിഡ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ആശങ്കകളുണ്ടെങ്കിലും പൂരം നടത്താനാവുമെന്നാണ് ദേവസ്വങ്ങളുടെ പ്രതീക്ഷ.