വടക്കാഞ്ചേരി: തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആദ്യവട്ടം കൂട്ടലും കിഴിക്കലും കഴിഞ്ഞപ്പോൾ മുന്നണികൾ തികഞ്ഞ ആത്മവിശ്വാസത്തിൽ. ജയപരാജയങ്ങളെ കുറിച്ച് നേതാക്കൾ വാചാലരുമാണ്. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ അനിൽ അക്കരയ്ക്ക് രണ്ടാമതൊരു ചാൻസ് കിട്ടുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും ഡി.സി.സി സെക്രട്ടറിയുമായ കെ. അജിത്കുമാർ വ്യക്തമാക്കുന്നു.
വടക്കാഞ്ചേരിയിൽ ഇത്തവണ ചെങ്കൊടി പാറുമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും നഗരസഭാ ചെയർമാനുമായ പി.എൻ. സുരേന്ദ്രൻ. എൽ.ഡി.എഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി വൻ ഭൂരിപക്ഷത്തോടെ ജയിച്ച് മണ്ഡലം തിരിച്ചുപിടിക്കും. ലൈഫ് ഭവനപദ്ധതി ഉൾപ്പെടെ സർക്കാരിനെതിരെ യു.ഡി.എഫ് നടത്തിയ അപവാദ പ്രചരണങ്ങൾക്ക് ജനം തിരിച്ചടി നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
വിശ്വാസ സംരക്ഷണത്തിന് വിലങ്ങു തടിയായവർക്കെതിരെയുള്ള പ്രതിഷേധമായിരിക്കും വടക്കാഞ്ചേരിയിലെ ജനവിധിയെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എൻ. വിനയകുമാർ പറയുന്നു.
എം.എൽ.എയായിരുന്ന അനിൽ അക്കരയുടെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാകും ഈ വിധിയെഴുത്ത്. ഇടതു മുന്നണിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്തിൽ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകും. വടക്കാഞ്ചേരിയിൽ ഇത്തവണ യു.ഡി.എഫ് മിന്നും വിജയം നേടും.
- കെ. അജിത്കുമാർ, ഡി.സി.സി സെക്രട്ടറി
കുപ്രചരണങ്ങൾ തിരിച്ചറിഞ്ഞ ജനം ഇടതിനോടൊപ്പമാണെന്നതിൽ സംശയമില്ല. ചിട്ടയായ പ്രവർത്തനമാണ് ഇടതുമുന്നണി കാഴ്ചവച്ചത്. സംസ്ഥാനത്ത് തുടർ ഭരണമുണ്ടാകും. വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പിള്ളി മിന്നുന്ന വിജയം നേടും.
- പി.എൻ. സുരേന്ദ്രൻ, വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ
ഇടത് - വലത് മുന്നണികളുടെ ജന ദ്രോഹനടപടികളിൽ മനംമടുത്ത ജനം എൻ.ഡി.എയിൽ വലിയ പ്രതീക്ഷ പുലർത്തുന്നുണ്ട്. വടക്കാഞ്ചേരിയിൽ വിജയമല്ലാതെ മറ്റൊന്നും പ്രതീക്ഷിയ്ക്കുന്നില്ല. സംസ്ഥാനത്തുടനീളം എൻ.ഡി.എയുടെ വലിയ തരംഗമാണുള്ളത്.
- കെ.എൻ. വിനയകുമാർ, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ്