തൃശൂർ : കൊവിഡ് വ്യാപനത്തിൽ ജില്ല വീണ്ടും ആശങ്കയിലേക്ക്. കഴിഞ്ഞമാസം 5,434 രോഗികളാണ് ഉണ്ടായിരുന്നതെങ്കിൽ എട്ട് ദിവസം കൊണ്ട് രണ്ടായിരത്തോളം രോഗികളായി. നിലവിലെ സാഹചര്യത്തിൽ രണ്ട് മാസം മുമ്പുണ്ടായിരുന്ന കണക്കിലേക്ക് തിരിച്ചുപോകുമെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.
ഏപ്രിൽ ഏഴ് വരെ അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ജനുവരി മുതൽ മാർച്ച് വരെ രോഗികളുടെ എണ്ണം കുറഞ്ഞു വരികയായിരുന്നു. ഫെബ്രുവരിയേക്കാൾ പകുതിയോളം കൊവിഡ് രോഗികളാണ് ഫെബ്രുവരിയിൽ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിനിടെ ബൂത്തുകളിൽ ഇരുന്ന എജന്റുമാർ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചിരുന്നെങ്കിലും അധികമാരും മുന്നോട്ട് വന്നിട്ടില്ല. സാമൂഹിക അകലവും മാസ്‌കും സാനിറ്റൈസർ ഉപയോഗവും ഒരിടത്തും ആവശ്യമായ രീതിയിൽ ഉപയോഗിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് ഇടയ്ക്കിടെ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും കർശന നടപടി എടുക്കാനായിട്ടില്ല. സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ടെങ്കിലും കർശനമല്ലെന്ന് പരാതിയുണ്ട്.
പൊസിറ്റിവിറ്റി കൂടി
തിരഞ്ഞെടുപ്പ് പൊസിറ്റിവിറ്റി നിരക്ക് 1.8 വരെയെത്തിയത് ആശ്വാസം നൽകിയെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത് കുതിച്ചുയരുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇന്നലെ പൊസിറ്റിവിറ്റി നിരക്ക് 7.1 ൽ എത്തിക്കഴിഞ്ഞു. അത് അടുത്ത ദിവസങ്ങളിൽ വീണ്ടും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.
വാക്‌സിൻ വിതരണം
45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കൊവിഡ് 19 വാക്‌സിൻ എടുക്കുന്നതിനുള്ള സൗകര്യം തൃശൂർ ടൗൺ ഹാളിലും ജവഹർ ബാലഭവനിലും ഒരുക്കിയിട്ടുണ്ട്. മെഗാ വാക്‌സിനേഷൻ ക്യാമ്പായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന കർശനമാക്കി. എല്ലാ പൊലീസ് സ്റ്റേഷനുകളിലും 30 ശതമാനത്തിലേറെ പേരെ പരിശോധനയ്ക്കായി നിയോഗിച്ചു. ബൈക്ക് പട്രോളിംഗും ശക്തമാക്കി.
ആർ. ആദിത്യ
സിറ്റി പൊലീസ് കമ്മിഷണർ
നിലവിലുള്ള ജാഗ്രതാ നിർദ്ദേശങ്ങളായ മാസ്‌ക്, കൈകഴുകൽ, സാനിറ്റൈസർ ഉപയോഗം എന്നിവയ്ക്ക് പുറമേ വാക്‌സിൻ എടുക്കാനുള്ള ജാഗ്രത കൂടി എല്ലാവരും കാണിക്കണം. രണ്ട് ഡോസ് വാക്‌സിൻ എടുക്കുന്നതിൽ ജാഗ്രതക്കുറവ് വരുത്തരുത്. ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാകണം
കെ.ജെ റീന
ഡി.എം.ഒ, തൃശൂർ
മൂന്ന് മാസത്തെ രോഗികൾ
ജനുവരി 13,013
പെബ്രുവരി 11,154
മാർച്ച് 5,434
എപ്രിൽ 8 വരെ 1,963
ഇന്നലെ 393
മരണം
ജനുവരി 72
ഫെബ്രുവരി 46
മാർച്ച് 58
ഏപ്രിൽ ഏഴ് വരെ 5
ഇന്നലെ രോഗം സ്ഥിരീകരിച്ചത് 393
ചികിത്സയിൽ കഴിയുന്നവർ
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 132
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 110
സർക്കാർ ആശുപത്രികളിൽ 46
സ്വകാര്യ ആശുപത്രികളിൽ 117
വീടുകളിൽ 1244 പേർ
വാക്‌സിനേഷൻ ശക്തിപ്പെടുത്താൻ ജില്ലാ ഭരണകൂടം
തൃശൂർ : കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് വാക്‌സിനേഷൻ നടപടികൾ ഊർജ്ജിതമാക്കി ജില്ലാ ഭരണകൂടം. കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം. വാക്‌സിനേഷൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിലും നഗരസഭാ തലത്തിലും വാർഡ് തല മൊബൈൽ രജിസ്ട്രേഷൻ കമ്മിറ്റികൾ രൂപീകരിക്കണം. ഈ കമ്മിറ്റികൾ 45 വയസിന് മുകളിലുള്ളവരെ കണ്ടെത്തി സർക്കാർ തലത്തിലോ സ്വകാര്യ തലത്തിലോ വാക്‌സിനേഷൻ എടുക്കാൻ പ്രേരിപ്പിക്കണം. വാർഡ് അംഗങ്ങൾ അടിയന്തരമായി വീടുവീടാന്തരം കയറിയിറങ്ങി വാക്‌സിനേഷൻ സംബന്ധിച്ച ലഘുലേഖകൾ വിതരണം ചെയ്ത് ജനങ്ങളെ ബോധവാന്മാരാക്കി വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കണമെന്ന് കളക്ടർ എസ്. ഷാനവാസ് ആവശ്യപ്പെട്ടു.
ഉയർന്ന കൊവിഡ്
എറിയാട്, മുളങ്കുന്നത്തുകാവ്, പുത്തൂർ, ആളൂർ, വെള്ളാങ്കല്ലൂർ പഞ്ചായത്തുകൾ, ഗുരുവായൂർ, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, ചാലക്കുടി നഗരസഭകൾ, തൃശൂർ കോർപറേഷൻ എന്നിവിടങ്ങളിലാണ് ഉയർന്ന കൊവിഡ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ.ജെ റീന അറിയിച്ചു.