കൊടകര: ഗ്രാമസഭകളുടെ മികച്ച സംഘാടനത്തിനുള്ള 2021ലെ ദേശീയ പുരസ്‌കാരം കൊടകര പഞ്ചായത്തിന് ലഭിച്ചു. നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ പുരസ്‌കാരമാണ് കൊടകര പഞ്ചായത്തിനെ തേടിയെത്തിയത്. സംസ്ഥാനത്ത് കൊടകര പഞ്ചായത്തിന് മാത്രമാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
2019- 20 വർഷത്തിൽ ജനപങ്കാളിത്തത്തോടെ മികച്ച രീതിയിൽ ഗ്രാമസഭകൾ സംഘടിപ്പിച്ചത് പരിഗണിച്ചാണ് കൊടകര പഞ്ചായത്തിന് പുരസ്‌കാരം നൽകുന്നത്. കൊടകരയെ കൂടാതെ ആസാമിലെ കാമരൂപ് ജില്ലയിലുള്ള സോനാപൂർ, തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള പുളിയംപട്ടി, പശ്ചിമബംഗാളിലെ മിഡ്‌നാപൂർ ജില്ലയിലെ ആംസോൾ എന്നീ പഞ്ചായത്തുകളാണ് കേന്ദ്രസർക്കാരിന്റെ നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ പുരസ്‌കാരത്തിന് ഈ വർഷം അർഹത നേടിയത്.