തൃശൂർ: ആർ.എസ്.എസ് പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കഠിന തടവും പിഴയും. മുല്ലശ്ശേരി തിരുനെല്ലൂർ കരംകൊളളി ജമാൽ (35), എളവള്ളി സ്വദേശികളായ താമരപ്പിള്ളി പുളിക്കൽ സദ്ദാം (36), താമരപ്പള്ളി മാടത്തിങ്കൽ സുജിത് (41), കാക്കശ്ശേരി മമ്മസ്രായില്ലത്ത് മുനീർ (35) എന്നിവരെയാണ് ഏഴ് വർഷം കഠിന തടവിനും,​ ഒമ്പത് മാസം വെറും തടവിനും,​ 25,​000 രൂപ വീതം ഓരോരുത്തരും പിഴയടയ്ക്കുന്നതിനും തൃശൂർ നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എസ്. ഭാരതി ശിക്ഷ വിധിച്ചു.

പിഴയടയ്ക്കാത്ത പക്ഷം ആറ് മാസം കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും.

പിഴയടയ്ക്കുന്ന പക്ഷം പരിക്കു പറ്റിയ ഒന്ന്, രണ്ട്, നാല് സാക്ഷികൾക്ക് 20,000 രൂപ വീതവും, 14-ാം സാക്ഷിക്ക് 40,000 രൂപയും നഷ്ടപരിഹാരമായി നൽകുന്നതിനും കോടതി വിധിച്ചിട്ടുണ്ട്. മൂന്ന്, അഞ്ച് പ്രതികൾ വിധി പറയുന്ന ദിവസം കോടതിയിൽ ഹാജരാകാതെ വിദേശത്ത് പോയതിനാൽ ഇവരുടെ വിധി പ്രസ്താവിച്ചിട്ടില്ല. ഏഴാം പ്രതി വിചാരണ നേരിടാതെ ഒളിവിൽ പോയി. 2007 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുവല്ലൂർ കോട്ടകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം കണ്ട് തിരിച്ചു വരികയായിരുന്ന ആർ.എസ്.എസ് പ്രവർത്തകരെ എളവള്ളി താമരപ്പിള്ളി കൈരളി മിൽ ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് പ്രതികൾ ആക്രമണത്തിനിരയാക്കിയത്. പാവറട്ടി സി.ഐയായിരുന്ന എം. സുരേന്ദ്രനാണ് ക്രൈം രജിസ്റ്റർ ചെയ്തത്. പ്രൊസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ ഡിനി ലക്ഷ്മൺ പി. ഹാജരായി.