ചാലക്കുടി: വിജയപ്രതീക്ഷ വച്ചു പുലർത്തുമ്പോഴും വോട്ടു ചോർച്ചയുടെ ചുഴിയിൽപ്പെട്ട് മണ്ഡലത്തിലെ മുന്നണികൾ അങ്കലാപ്പിൽ. 2016ലെ തിരഞ്ഞെടുപ്പിനേക്കാൾ നാലര ശതമാനം പോളിംഗ് കുറഞ്ഞതും, ബി.ജെ.പിയുടെ വോട്ടിൽ അട്ടിമറി നടന്നുവെന്ന സംശയവുമാണ് ഇടത് - വലതു മുന്നണികളുടെ ആശങ്കകൾക്ക് ആധാരം.
മണ്ഡലത്തിലെ 1,92,767 വോട്ടുകളിലാണ് നാലര ശതമാനത്തിന്റെ കുറവ്. മരിച്ചുപോയവർ, സ്ഥലത്തില്ലാത്തവർ, ഇരട്ട വോട്ടുകാർ എന്നിവ കൂടി കണക്കിലെടുത്താലും ഇക്കുറി പതിനയ്യായിരം വോട്ടർമാർ ബൂത്തുകളിൽ എത്തിയില്ലെന്നതാണ് യാഥാർത്ഥ്യം. ഇതിൽ നഷ്ടം സംഭവിച്ചത് യു.ഡി.എഫിനും ബി.ജെ.പിക്കുമാണെന്ന് കണക്കാക്കുന്നു.
ചെയ്യാതെപോയ വോട്ടുകളിൽ 60 ശതമാനം കോൺഗ്രസ് വോട്ടുകളാണ്. 25 ശതമാനം ബി.ജെ.പിയുടെയും ബാക്കി വരുന്നതാണ് എൽ.ഡി.എഫിന്റെ നഷ്ടം. മണ്ഡലത്തിൽ പ്രദേശിക വികാരം അലയടിച്ചത് കോൺഗ്രസിന് ആദ്യം മുതൽ തലവേദനയായിരുന്നു. പുറത്തു നിന്നുള്ള സ്ഥാനാർത്ഥികളെ കെട്ടിയിറക്കുന്നതിനെതിരെ നഗരത്തിൽ മൂന്നുവട്ടം പ്രതിഷേധ റാലികൾ നടന്നിരുന്നു. സനീഷ്‌കുമാർ സ്ഥനാർത്ഥിയായതും ഉമ്മൻ ചാണ്ടി അടക്കമുള്ള പ്രമുഖ നേതാക്കൾ ശക്തമായ നിലപാട് സ്വീകരിച്ചതുമാണ് പിന്നീട് പ്രവർത്തകരുടെ വികാരം തണുപ്പിച്ചത്.
എങ്കിലും ഉള്ളിൽ അണയാതെ കിടക്കുന്ന കനലുകൾ എൽ.ഡി.എഫ് പെട്ടിയിലേക്ക് വോട്ടുകളായി പോയിട്ടുണ്ടെന്ന സംശയവും ബലപ്പെടുന്നു. കൂടാതെ കൊരട്ടിക്കാരനായ ഡെന്നീസ് കെ. ആന്റണി സ്ഥാനാർത്ഥിയായതോടെ തട്ടകത്തെ നിരവധി കോൺഗ്രസ് കുടുംബങ്ങൾ അദ്ദേഹത്തെ അനുകൂലിച്ച് ചേരിമാറിയെന്നും ശ്രുതിയുണ്ട്. കോൺഗ്രസ് വിട്ട് കേരള കോൺഗ്രസിലെത്തിയ ഡെന്നീസ് ആന്റണിക്ക് മേലൂർ, കാടുകുറ്റി പഞ്ചായത്തുകളിലും അനുകൂല സാഹചര്യം ഉണ്ടായെന്നാണ് കണക്കുകൂട്ടൽ. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ അയ്യായിരത്തിനും ഏഴായിരത്തിനുമിടയിൽ ഭൂരിപക്ഷം നേടാനാകുമെന്ന കണക്കൂട്ടലിലാണ് എൽ.ഡി.എഫ് ക്യാമ്പ്.
എന്നാൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണന്റെ വോട്ടുകളിൽ ഭരണ മുന്നണിക്ക് അങ്കലാപ്പുണ്ട്. കഴിഞ്ഞ തവണ ലഭിച്ചത് 26,000 വോട്ടുകളായിരുന്നു. പോളിംഗ് നടക്കാതെ പോയവ കഴിച്ച് ബാക്കിയുള്ള വോട്ടുകളിൽ നല്ലൊരു ശതമാനം യു.ഡി.എഫിലേക്ക് മാറിയെന്ന സംശയം ഇടതിന്റെ ചങ്കിടിപ്പ് കൂട്ടുന്നു. യു.ഡി.എഫ് ആകട്ടെ പതിനായിരത്തിൽ കൂടുതൽ ഭൂരിപക്ഷം സനീഷ്‌കുമാറിനു ലഭിക്കുമെന്ന വിശ്വാസത്തിലാണ്. നഗരസഭയിലെ ഭൂരിപക്ഷം ആറായിരം കടക്കുമെന്നും മേലൂർ, കൊടകര ഒഴികെയുള്ള മറ്റെല്ലാ പഞ്ചായത്തുകളിലും തങ്ങൾക്ക് ഭൂരിപക്ഷമുണ്ടാകുമെന്ന് യു.ഡി.എഫ് ആണയിടുന്നു.
ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിക്ക് ഇക്കുറി ചെയ്യാതെ പോയ ബി.ജെ.പി വോട്ടുകൾ തങ്ങൾക്ക് അനുകൂലമായിട്ടുണ്ടെങ്കിൽ ഭൂരിപക്ഷം വലിയ തോതിൽ ഉയരുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. ഒന്നര പതിറ്റാണ്ടായി സി.പി.എം മത്സരിച്ച് വിജയിച്ച സീറ്റ് ഒരു സുപ്രഭാതത്തിൽ ഘടക കക്ഷിക്ക് നൽകിയത് എൽ.ഡി.എഫ് വോട്ടുകളിൽ കുറവുണ്ടാക്കുമെന്ന പ്രതീക്ഷയും യു.ഡി.എഫ് നേതൃത്വത്തിനുണ്ട്. അമ്പതോളം ബൂത്തുകളിൽ സി.പി.എം പ്രവർത്തകരുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നാമമാത്രമായിരുന്നെന്നും കോൺഗ്രസുകാർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മൊത്തം 5200 വോട്ടുകളാണ് യു.ഡി.എഫിന് കൂടുതലായി ലഭിച്ചത്. അവർക്ക് ചേനത്തുനാട് മേഖലയിൽ ആയിരത്തിൽപരം വോട്ടുകൾ നഷ്ടപ്പെട്ടിരുന്നു. എന്നാൽ എൽ.ഡി.എഫിന് അന്ന് കനത്ത നഷ്ടം സംഭവിച്ചു. പതിനഞ്ചോളം വാർഡുകളിൽ അവർക്ക് നഷ്ടപ്പെട്ട വോട്ടുകളുടെ എണ്ണം മൂവ്വായിരത്തോളം വരും. ഉറുമ്പൻകുന്ന്, വി.ആർ. പുരം, തച്ചുടപറമ്പ്, ആര്യങ്കാല, പോട്ട തുടങ്ങിയ മേഖലകളാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇതൊക്ക പരിശോധിച്ചാൽ പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം, നഗരസഭ യു.ഡി.എഫിന് നേടിക്കൊടുക്കുമോയെന്ന് കണ്ടറിയണം. ഇതെല്ലാമാണ് വിജയം ഉറപ്പിക്കുമ്പോഴും മുന്നണികളെ വേട്ടയാടുന്ന ആശങ്കകൾ.