ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനത്താവളത്തിലെ രണ്ട് കൊമ്പന്മാർ ഇടഞ്ഞോടി. നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആനകൾ ആരെയും ആക്രമിച്ചില്ല. അക്ഷയ്കൃഷ്ണ എന്ന കൊമ്പനാണ് ആദ്യം ഇടഞ്ഞോടിയത്. കെട്ടുതറയിലേക്ക് പനമ്പട്ടയുമായി പോകുന്നതിനിടെ കൊമ്പൻ കിഴക്കേ ഗേറ്റ് കടന്ന് കോട്ടപ്പടി റോഡിലേക്ക് ഓടുകയായിരുന്നു.
പാപ്പാന്മാർ കുളിപ്പിക്കുകയായിരുന്ന ഗോകുൽ എന്ന കൊമ്പനും ഇതിന് പിന്നാലെ വിരണ്ട് ഓടി. രണ്ട് കിലോമീറ്ററിനപ്പുറം കോട്ടപ്പടി അങ്ങാടിയിലെത്തിയ ആനകളിൽ അക്ഷയ്കൃഷ്ണ വടക്കേവീട്ടിൽ ഗോവിന്ദൻകുട്ടിയുടെ വീട്ടുമതിൽ തകർത്തു. പിന്നാലെ വന്ന ഗോകുൽ ടെൻപ്ലസ് നഗറിൽ മുളയ്ക്കൽ ആന്റീസിന്റെ വീട്ടിലെ ഷീറ്റുമേഞ്ഞ കാർഷെഡ് തകർത്തു. ബൈക്കും തള്ളിമറച്ചിട്ടു. ആനകൾ ഓടിവരുന്നത് കണ്ട് ഭയന്ന് അങ്ങാടിയിലെ വീട്ടുകാരെല്ലാം വീട്ടിനകത്ത് കയറി വാതിലടച്ചു. പിറകെയെത്തിയ ദേവസ്വത്തിലെ പാപ്പാന്മാർ ചേർന്ന് കൊമ്പന്മാരെ അനുനയിപ്പിച്ച് തളച്ച് ആനക്കോട്ടയിലേക്ക് തിരികെ കൊണ്ടുപോന്നു. പാപ്പാന്മാരെത്തി പെട്ടെന്ന് തളച്ചതിനാൽ വലിയ അക്രമം ഒഴിവായി.