പാവറട്ടി: എളവള്ളി ഗ്രാമ പഞ്ചായത്തിലെ 11-ാം വാർഡിലെ ഇന്ദ്രാംചിറയുടെ ഇരുവശങ്ങളിലുള്ള ചുറ്റുമതിൽ കെട്ടി സംരക്ഷണം ഉറപ്പാക്കി ഭരണസമിതി. 1999ലാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ദ്രാം ചിറ സംരക്ഷിക്കാൻ തുടക്കം കുറിച്ചത്. ഫണ്ടിന്റെ ദൗർലഭ്യം മൂലം ഉള്ള തുക കൊണ്ട് ചുറ്റുമതിൽ കെട്ടാൻ ശ്രമം നടത്തിയെങ്കിലും മതിൽ തകർന്നുവീണത് വലിയ വിവാദമായിരുന്നു.
ഇന്ദ്രാംചിറ എന്ന ഒരു ഏക്കർ തണ്ണീർത്തടത്തെ സാങ്കേതിക തലത്തിൽ വിഭാവനം ചെയ്താണ് പുതിയ നിർമ്മാണത്തിന് തയ്യാറാക്കിയിട്ടുള്ളത്. ചുറ്റുമതിൽ 2.65 മീറ്റർ വീതിയിൽ അടിഭാഗത്തു നിന്നും ആരംഭിച്ച് 5.4 മീറ്റർ ഉയരത്തിൽ മുകളിൽ ഒരു മീറ്റർ വീതിയിൽ ചെരിച്ചു നിർമ്മിക്കും. ജെ.സി.ബി സഹായത്തോടെ മണ്ണ് 3 മീറ്റർ താഴ്ത്തി തെങ്ങിൻ തടികൾ കൊണ്ട് പൈലിംഗ് നടത്തി കോൺക്രീറ്റ് ചെയ്തതിനുശേഷമാണ് കരിങ്കൽ കെട്ട് ആരംഭിക്കുന്നത്.
പിന്നീട് ഓരോ മീറ്ററിലും ഓരോ കോൺക്രീറ്റ് ബെൽറ്റ് ഒരുക്കിയിട്ടുണ്ട്. ഇന്ദ്രാംചിറ സംരക്ഷിക്കപ്പെടുന്നതോടെ സമീപത്തെ കിണറുകളിലും ഉൾച്ചാലുകളിലും വെള്ളം സമൃദ്ധിയാകുമെന്നാണ് കരുതുന്നത്. തൃശൂർ കോർപറേഷൻ വഴി ലഭിക്കുന്ന അർബൻ അഗ്ലോമെറേഷൻ സ്‌കീമിൽ ഉൾപ്പെടുത്തി 54 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ്, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ എൻ.ബി. ജയ, അസിസ്റ്റന്റ് എൻജിനിയർ ബാബു കെ. പോൾ എന്നിവരുടെ നേതൃത്വത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്തി.
ഇന്ദ്രാംചിറ നിർമ്മാണം