തൃശൂർ: 'സാമൂഹിക മാദ്ധ്യമങ്ങളിലെ ദുഷ്‌പ്രചാരണം കേൾക്കാൻ സമയമില്ല. ഞങ്ങൾ ഇനിയും നൃത്തം ചെയ്യും. ആരെങ്കിലും എന്തെങ്കിലും പറയട്ടെ. അതിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ല. നെഗറ്റീവായി ചിത്രീകരിക്കാൻ തോന്നുന്നവർ അങ്ങനെ ചെയ്യട്ടെ. അതൊന്നും ഞങ്ങളെ ബാധിക്കില്ല. എന്റർടെയ്ൻമെന്റ് മാത്രമാണ് ഉദ്ദേശിച്ചത്. അതിനെ അങ്ങനെ കാണണം.'
മുപ്പതു സെക്കൻഡ് മാത്രമുള്ള തകർപ്പൻ 'റാസ്‌പുട്ടിൻ നൃത്ത'ത്തിലൂടെ ശ്രദ്ധേയനായ നവീൻ കെ. റസാഖ് കേരളകൗമുദിയോട് പറഞ്ഞു.
തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിയുടെയും നവീനിന്റെയും നൃത്തത്തെ ലവ് ജിഹാദുമായി കൂട്ടിക്കെട്ടി ചിലർ സാമൂഹിക മാദ്ധ്യമങ്ങളിൽ ആക്ഷേപിച്ച പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. ഭൂരിപക്ഷവും പിന്തുണ നൽകിയെന്നും ഐ.എം.എയും കോളേജ് യൂണിയനും ഈ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ചിട്ടുണ്ടെന്നും നവീൻ പറഞ്ഞു.
ഡാൻസ് വീഡിയോ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. നിരവധിപേർ അനുമോദിച്ചു. അതിനിടെ, രണ്ടുപേരുടെയും മതം പറഞ്ഞ് ചിലർ ആക്ഷേപിച്ചു. പിന്നാലെ, സ്വകാര്യ എഫ്.എം ചാനലിനായി കഴിഞ്ഞദിവസം ആറാം തമ്പുരാനിലെ പാട്ടിന്റെ റീമിക്‌സ് വേർഷന് ചുവടുവെച്ച് രണ്ടുപേരും വീണ്ടും കൈയടി നേടി.
ലവ് ജിഹാദ് ആരോപണമുയർത്തി ഫേസ്ബുക്കിലൂടെ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച അഭിഭാഷകനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ഡി.ജി.പിക്ക് കഴിഞ്ഞദിവസം പരാതി നൽകി.
നാല് പതിറ്റാണ്ട് മുമ്പ് ലോകത്തിന്റെ ഹരമായി പടർന്ന 'റാ... റാ... റാസ്‌പുടിൻ, ലവർ ഓഫ് ദ റഷ്യൻ ക്വീൻ' എന്ന ബോണി എം സൂപ്പർ ഹിറ്റ് ഗാനത്തിനാണ് നവീനും ജാനകിയും നൃത്തഭാഷ്യം പകർന്നത്.
വിദ്വേഷം പ്രചരിപ്പിക്കുന്ന വൈറസുകളെ
ഒറ്റപ്പെടുത്തണം: മന്ത്രി സുനിൽകുമാർ
തൃശൂർ: ഒന്നിച്ച് ഡാൻസ് കളിച്ചതിന്റെ പേരിൽ മെഡിക്കൽ വിദ്യാർത്ഥികളായ ജാനകിക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന 'വൈറസുകളെ" ഒറ്റപ്പെടുത്തണമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ കേരളകൗമുദിയോട് പറഞ്ഞു. വീഡിയോ കാണുമ്പോൾ എല്ലാവരും ആഹ്ലാദിക്കുകയാണ്.
എന്നാൽ വർഗീയവാദികൾ അവരുടെ മതമാണ് കാണുന്നത്. ട്രെയിനിലെ കക്കൂസിൽ അശ്ളീലം എഴുതിവയ്ക്കുന്ന മാനസിക രോഗികളെ എങ്ങനെ അവഗണിക്കുന്നുവോ അതുപോലെ വിദ്വേഷപ്രചാരണം നടത്തുന്നവരെയും അവഗണിക്കണം. ഒരു കലാരൂപം എങ്ങനെ അവതരിപ്പിക്കുന്നു എന്നാണ് നോക്കേണ്ടത്. രണ്ട് വിദ്യാർത്ഥികൾ ഒരുമിച്ച് പഠിക്കുകയും ഭക്ഷണം കഴിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുമ്പോൾ, അതിൽ ലൗ ജിഹാദ് കാണുന്നത് ഫാസിസ്റ്റ് രീതിയാണെന്നും മന്ത്രി പറഞ്ഞു.