തൃശൂർ: പരമാവധി പേരെ കൊവിഡ് വാക്‌സിൻ എടുപ്പിച്ച് രോഗ വ്യാപനം തടഞ്ഞ്, ഗുരുതരാവസ്ഥ ഒഴിവാക്കി രോഗികളുടെ എണ്ണം കുറയ്ക്കാനുള്ള ക്രഷിംഗ് ദി കർവിനുള്ള സത്വരനടപടികളുമായി ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും രംഗത്ത്. രണ്ടാം തരംഗത്തിൽ രോഗവ്യാപനം വളരെ വേഗത്തിലാണെന്നും ഈ മാസം അതിനിർണ്ണായകമാണെന്നുമുളള വിലയിരുത്തലിനെ തുടർന്നാണിത്.
രോഗികളുടെ എണ്ണം കൂടിയാൽ ആരോഗ്യ സംവിധാനങ്ങളും തകിടം മറിയും. ജില്ലയിലെ 45 വയസിന് മുകളിലുള്ള പരമാവധി പേർക്ക് ഈ മാസം തന്നെ വാക്‌സിൻ നൽകി രോഗ വ്യാപന തീവ്രത ഇല്ലാതാക്കാനുളള നീക്കമാണ് നടക്കുന്നത്. ഇതിനായി മാസ് വാക്‌സിനേഷൻ ക്യാമ്പുകളടക്കം സജ്ജീകരിക്കും. ഇക്കാര്യങ്ങളിൽ പൊതുജനത്തിന് ബോധവത്കരണവും വ്യാപകമാക്കുന്നുണ്ട്. കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയ്ക്കിടെ കുത്തനെ ഉയർന്നിരുന്നു. മാർച്ച് 15 വരെ രണ്ടിൽ താഴെയായിരുന്ന പൊസിറ്റിവിറ്റി നിരക്ക് ഏഴ് ശതമാനത്തിന് മുകളിലെത്തി.
നെഹ്റു പാർക്ക് തുറക്കാനാവില്ല
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നെഹ്‌റു പാർക്ക് തുറക്കാനാവില്ലെന്ന് കോർപറേഷനിൽ ചേർന്ന യോഗം വിലയിരുത്തി. പൂരത്തോടനുബന്ധിച്ച് പ്രദർശനം ഉൾപ്പെടെ നടത്തുന്ന സാഹചര്യത്തിൽ പാർക്ക് തുറക്കാനുള്ള ജനങ്ങളുടെ സമ്മർദ്ദം കണക്കിലെടുത്താണ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും കൗൺസിലർമാരുടെയും യോഗം വിളിച്ചു ചേർത്തത്. കൊവിഡ് രണ്ടാംഘട്ടത്തിന്റെ രൂക്ഷമായ വ്യാപനം കണക്കിലെടുത്താണ് പാർക്ക് തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. സർക്കാരിന്റെ ഉത്തരവ് വരുന്ന മുറയ്ക്ക് മറ്റു നടപടികൾ സ്വീകരിക്കും.
വാക്‌സിനേഷൻ ക്യാമ്പ് സജീവമാക്കും
ജവഹർ ബാലഭവൻ, ടൗൺഹാൾ എന്നീ സ്ഥലങ്ങളിൽ നടക്കുന്ന പ്രതിരോധ വാക്‌സിനേഷൻ ക്യാമ്പ് സജീവമാക്കുന്നതിനായി കൗൺസിലർമാർ ഡിവിഷനുകളിലെ 45 വയസിന് മുകളിലുള്ളവരെ കൊണ്ടു വന്ന് വാക്‌സിൻ എടുപ്പിക്കുന്നതിന് മുൻകൈ എടുക്കുന്നതിനും ഗ്രൂപ്പായി സ്ഥാപനങ്ങളിൽ നിന്നോ റസിഡൻഷ്യൽ അസ്സോസിയേഷൻ വഴിയോ വരുന്നവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായുള്ള സൗകര്യവും ലഭ്യമാണ്. ഇതിനായി ഓരോ ക്യാമ്പിലും നിരവധി കൗണ്ടർ തുറന്നിട്ടുണ്ട്. ബുക്ക് ചെയ്യേണ്ട നമ്പർ : 9037349199
സമ്പൂർണ്ണ കൊവിഡ് വിമുക്ത കോർപറേഷനാക്കാൻ എല്ലാവരും തയ്യാറാകണം. കോർപറേഷൻ പരിധിയിൽ 45 വയസിന് മുകളിലുള്ള എല്ലാവരെയും പ്രതിരോധ വാക്‌സിൻ എടുപ്പിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും കോർപ്പറേഷനും സംയുക്തമായി സമ്പൂർണ്ണ കൊവിഡ് 19 വിമുക്ത കോർപറേഷൻ പദ്ധതി രൂപീകരിച്ചിട്ടുണ്ട്.
(കൗൺസിലർമാരോട് ) എം.കെ വർഗീസ്, മേയർ