തൃശൂർ: ശ്രീനാരായണ ധർമ്മ പ്രചാരകർക്ക് പേരാമ്പ്ര ഗുരു ചൈതന്യ മഠം ഏർപ്പെടുത്തിയ ശ്രീനാരായണ ദിവ്യഭൂഷണം അവാർഡിന് ഡോ. സത്യബായി ശിവദാസ് (83) ഹൈദരാബാദിനെ തിരഞ്ഞെടുത്തു. ആന്ധ്രാപ്രദേശിൽ കഴിഞ്ഞ അമ്പതിലധികം വർഷങ്ങളായി ഗുരുധർമ്മ പ്രചാരണം നിർവഹിച്ചതിനാണ് പുരസ്‌കാരം. വിവിധ സർക്കാർ കോളേജുകളിലും ഉസ്മാനിയ യൂണിവേഴ്‌സിറ്റിയിലുമായി അദ്ധ്യാപികയായി സേവനം ചെയ്ത സത്യബായി ശിവദാസ് ഹൈദര33ബാദ് ശ്രീനാരായണ എഡ്യുക്കേഷണൽ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ സ്ഥാപക നേതാവും, സൊസൈറ്റിയുടെ പേട്രൺ പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ സേവനം ചെയ്തിട്ടുമുണ്ട്. സച്ചിദാനന്ദ സ്വാമികൾ രചിച്ച വിശ്വഗുരു, യുഗാചാര്യൻ എന്നീ ഗുരുദേവ ചരിത്ര ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലും, തെലുങ്ക് ഭാഷയിലുമായി തർജമ ചെയ്ത് ഉസ്മാനിയ യൂണിവേഴ്‌സിറ്റിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.