mmmm
കരോട്ട പാടശേഖരത്തിൻ്റെ പുതിയ സ്ലൂയീസിൽ സാമൂഹ്യ വിരുദ്ധർ തള്ളിയ അറവ് മാലിന്യങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിക്കുന്നു.

അരിമ്പൂർ: കരോട്ട പാടശേഖരത്തിലെ കെ.എൽ.സി.സി സ്ലൂയിസിൽ സാമൂഹ്യ വിരുദ്ധർ തള്ളിയ അറവ് മാലിന്യം ശുദ്ധജലത്തിൽ കലർന്നതായി പരാതി. അരിമ്പൂർ പഞ്ചായത്ത് ഏഴാം വാർഡിലെ കരോട്ട കോൾ പടവിൻ്റെ കിഴക്കുംപുറം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പുതുതായി നിർമ്മിച്ച സ്ലൂയിസിലാണ് പുറത്ത് നിന്ന് കാണാത്ത വിധത്തിൽ മാലിന്യങ്ങൾ തള്ളിയിട്ടുള്ളത്.

സ്ലൂയീസ് തുറക്കുന്നതോടെ പുത്തൻചാലിൽ നിന്നുള്ള ശുദ്ധജലത്തിൽ അറവ് മാലിന്യങ്ങൾ കലർന്ന് ആറ്, ഏഴ് വാർഡുകളിലെ കരഭൂമിയിലേക്ക് എത്തുന്ന സ്ഥിതിയാണ്. ഏക്കർ കണക്കിന് വാഴ, തെങ്ങ് എന്നിങ്ങനെയുള്ള കൃഷിയിടങ്ങളിലേക്കാണ് ഈ വെള്ളം പമ്പ് ചെയ്യുന്നത്. മണിക്കൂറുകളോളം പറമ്പുകളിൽ കെട്ടി നിൽക്കുന്ന ഈ വെള്ളം കുടിവെള്ള ,​സ്രോതസുകളിലേക്ക് പടരുമെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കരോട്ട കോൾ പടവ് കമ്മിറ്റി ട്രഷററും, കിഴക്കുംപുറം ലിഫ്റ്റ് ഇറിഗേഷൻ സമിതി ജോ. സെക്രട്ടറിയുമായ കെ.എ അജയകുമാർ പറഞ്ഞു. വിവരമറിഞ്ഞ് അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ, വൈ. പ്രസിഡൻ്റ് ഷിമി ഗോപി എന്നിവർ സ്ഥലത്തെത്തിയിരുന്നു.

കുടിവെള്ള സ്രോതസുകളെ മലിനമാക്കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സ്മിത അജയകുമാർ

അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ്