കയ്പമംഗലം: പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതി പ്രകാരം ബയോഫ്‌ളോക് മത്സ്യകൃഷി യൂണിറ്റ് കയ്പമംഗലത്ത് ആരംഭിച്ചു. കാളമുറി പടിഞ്ഞാറ് പുതിയ വീട്ടിൽ ജമാൽ മുഹമ്മദാണ് തന്റെ വീട്ടുവളപ്പിൽ ബയോഫ്‌ളോക് മത്സ്യകൃഷി ആരംഭിച്ചത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ മീനുകൾ കൃഷി ചെയ്യുകയാണ് നൂതന സാങ്കേതിക വിദ്യയായ ബയോഫ്‌ളോക് കൊണ്ട് ഉദ്ദേശിക്കുന്നത്. നാല് മീറ്റർ വ്യാസവും 16,000 ലിറ്റർ കപ്പാസിറ്റിയുമുള്ള ഏഴ് കൃത്രിമ കുളങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഓരോന്നിലും 1,000 ഗിഫ്റ്റ് തിലാപ്പിയ മീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാർ സംസ്ഥാന ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയിൽ ഓരോ ടാങ്കിനും ഏകദേശം 45,000 രൂപയാണ് ചെലവ്. ഇതിൽ 40% സർക്കാർ സബ്‌സിഡി ലഭിക്കും. നാട്ടിക ഫിഷറീസ് എക്സ്‌റ്റൻഷൻ ഓഫീസർ പി.ഡി ലിസി ബയോഫ്‌ളോക്കിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം നിർവഹിച്ചു. അക്വാ കൾച്ചർ പ്രമോട്ടർ എം.പി കൃഷ്ണപ്രസാദ്, പ്രൊജക്ട് കോ- ഓർഡിനേറ്റർ പി.വി ഹിത, സുരേഷ് കൊച്ചുവീട്ടിൽ, പി.എം ഉസ്മാൻ, കെ.ബി ബേബി എന്നിവർ സംസാരിച്ചു.